100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കണമെന്നും ദിവസവേതനം ഉയർത്തണമെന്നും ക്ഷേമനിധി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൊഴിലുറപ്പു പദ്ധതി ക്രമേണ ഇല്ലാതാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കമെന്നും രാജ്യത്തെ പാവങ്ങളുടെ അടുപ്പിൽ തീ പുകയ്ക്കുന്ന പദ്ധതി തകർക്കാൻ ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നു സതീശൻ പറഞ്ഞു. യുപിഎ സർക്കാർ കൊണ്ടുവന്ന ഏറ്റവും ജനകീയ പദ്ധതികളിലൊന്നാണു തൊഴിലുറപ്പു പദ്ധതി. സ്ത്രീ ശാക്തീകരണത്തിന്റെ മാതൃക കൂടിയായ ഈ പദ്ധതി ലോകമെങ്ങുമുള്ള രാജ്യങ്ങൾ അഭിനന്ദിച്ചതാണ്. എന്നാൽ ബിജെപി സർക്കാർ പദ്ധതിയോടു ജനവിരുദ്ധ സമീപനമാണെടുക്കുന്നത്. 100 തൊഴിൽ ദിനങ്ങളെന്നത് 20 പോലും കിട്ടാത്ത സ്ഥിതിയാണ്. കഴിഞ്ഞ വർഷം നീക്കിവച്ച തുകയുടെ 25% ഈ വർഷം വെട്ടിക്കുറച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും സമയബന്ധിതമായി ഇടപെടുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ച് ഇടപെടൽ ആവശ്യപ്പെടണം. അതിനു മുഖ്യമന്ത്രി തയാറായില്ലെങ്കിൽ സമരം സെക്രട്ടേറിയറ്റിനു മുന്നിലായിരിക്കുമെന്നു സതീശൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








