കോഴിക്കോട്: താമരശ്ശേരി ചുരത്തിന് ബദലായി തുരങ്കം നിർമിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിപ്രദേശം നോർവീജിയൻ സംഘം സന്ദർശിച്ചു. നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനക്കാംപൊയിൽ മറിപ്പുഴയിലെത്തിയത്. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതാ നിർമാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് മുഖ്യമന്ത്രിയുടെ വിദേശസന്ദർശനത്തിൽ സംസ്ഥാന സർക്കാരും നോർവേയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു.
കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ എത്തുന്നത് വരെ പുതിയ തുരങ്കം നിർമിക്കാനാണ് പദ്ധതി. ടണൽ നിർമാണത്തിനാവശ്യമായ സാങ്കേതിക വിദ്യ കൈമാറാൻ നേരത്തേ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോർവീജിയൻ സംഘം മറിപ്പുഴയിലെത്തിയത്.
ഏറ്റവും ഉചിതമായ പദ്ധതിയാണിതെന്നും സർക്കാരുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡൊമിനിക് ലാങ് പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നോർവീജിയൻ സംഘത്തിന്റെ സാങ്കേതിക സഹായം ഗുണം ചെയ്യുമെന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും അഭിപ്രായപ്പെട്ടു. വയനാട് ചുരത്തിന് ബദലായി 16 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് നിർമിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ ആനക്കാംപൊയിൽ-കള്ളാടി റോഡ് സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാകും.
ലിന്റോ ജോസഫ് എം.എൽ.എ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ, സംസ്ഥാന പ്ലാനിംഗ് ബോർഡ് വിദഗ്ദ്ധ അംഗങ്ങളായ ഡോ. കെ. രവി രാമൻ, ഡോ. നമശ്ശിവായം.വി, സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥൻ ഡോ. ശേഖർ കുര്യാക്കോസ്, ചീഫ് ഡിവിഷൻ പെർസ്പെക്റ്റീവ് പ്ലാനിംഗ് സന്തോഷ് വി, കൊങ്കൺ റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ബീരേന്ദ്ര കുമാർ, പിഡബ്ല്യുഡി സൂപ്രണ്ടിങ് എഞ്ചിനീയർ വിശ്വ പ്രകാശ്, എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാഷിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ മിഥുൻ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഘത്തിൽ ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









