നാടാകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കൊടുമ്പിരികൊണ്ടിരിക്കെ വിശ്വാസികൾക്ക് നിർദേശവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി രംഗത്ത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പുള്ള ഖുത്വബക്ക് സംസാരിക്കാനായി ഖത്തീബുമാർക്ക് നൽകിയ വിഷയത്തിലാണ് സമസ്ത ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും മുഹമ്മദ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും സമസ്ത നൽകിയ പ്രസംഗക്കുറിപ്പിൽ പറയുന്നു.
എന്നാൽ, വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നു. നമസ്കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽനിന്നും തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനമെന്നും ഖുറാനെ ഉദ്ധരിച്ച് കുറിപ്പിൽ വ്യക്തമാക്കി.
ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലെന്നും സമസ്ത നിർദേശിച്ചു. ചെലവിടുന്ന സമയവും പണവും അവന്റെ ദൈവം നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും ദൈവത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്ബോൾ ലഹരിയായി തീരാൻ പാടില്ല. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി. നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതാണെന്നും പറയുന്നു ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളിൽ കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുർവ്യയത്തിൽ പങ്കുചേരുന്നു എന്നത് ആശ്ചര്യമാണ്. ഇത് കാൽപന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സിൽ കെട്ടിയുയർത്തിയിട്ടുള്ള തന്റെ ഹീറോയോടുള്ള വീരാരാധനയുടെ ബഹിർസ്ഫുരണം മാത്രമാണെന്നും പറയുന്നു അതെ സമയം സ്നേഹവും കളി താൽപര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോൾ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഫാൻസ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിർക്കിൻ്റെ പോലും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. കളിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആരാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്ത നിലപാട് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









