ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന്റെ തീരുമാനത്തിനെതിരെ ഇതിഹാസ താരം ലൂയി ഫിഗോ. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റായിപ്പോയെന്നും ടീം മാനേജ്മെന്റിന് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോകകപ്പുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി ലോകകപ്പ് നേടാനാവില്ല. സ്വിറ്റ്സർലൻഡിനെതിരായ വിജയം മികച്ചതായിരുന്നു. എന്നാൽ എല്ലാ കളിയിലും അത് ചെയ്യാൻ കഴിയുമോ? ഇല്ല ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റായിരുന്നു. ഈ പരാജയത്തിന് ഉത്തരവാദികൾ കോച്ചിനും മാനേജ്മെന്റിനും ആണ്” അദ്ദേഹം തുറന്നു പറഞ്ഞു.
പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് ലൂയി ഫിഗോ. ക്ലബ് ഫുട്ബോളിൽ ബാഴ്സലോണ, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ തുടങ്ങിയ വമ്പന്മാർക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. രണ്ടായിരത്തിലെ ബാലൻ ഡോർ പുരസ്കാര ജേതാവ് കൂടിയാണ് അദ്ദേഹം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







