കോഴിക്കോട്: നഗരത്തെ ഞെട്ടിച്ച സംഭവമാണ് ഇതര സംസ്ഥാന തൊഴിലാളിയായ സാദിഖിന്റെ കൊലപാതകം. നഗരമധ്യത്തിൽ നടന്ന ഈ കൊലപാതകത്തിലെ പ്രതിയെ ദിവസങ്ങൾക്കകം പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി അർജുനാണ് അറസ്റ്റിലായത്. എട്ട് മാസത്തിനിടെ കോഴിക്കോട്ട് 19 കാരനായ അർജുൻ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ഡിസംബർ 11ന് രാത്രിയാണ് അർജുൻ സാദിഖിനെ കൊലപ്പെടുത്തിയത്.
എട്ട് മാസം മുമ്പ് ചെന്നൈയിലെ റെഡ് ഹിൽ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 വയസ്സുകാരനെ ബിയർ കുപ്പി പൊട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ.പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും ചേര്‍ന്നാണ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയത്.
പശ്ചിമ ബംഗാൾ സ്വദേശിയാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സാദിഖ് ഷെയ്ഖ്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് കിഴക്ക് ആനിഹാൾ റോഡിലെ പ്ലാസ്റ്റിക് കുപ്പി നിർമാണ കമ്പനിയുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന് അടുക്കിവെച്ച ചെങ്കല്ലുകള്‍ ദേഹത്ത് വീണ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. മഴയിൽ നനഞ്ഞ നിലയിൽ മൃതദേഹവും പരിസരവും ഇൻസ്പെക്ടർ ബൈജു കെ. പൗലോസും സംഘവും വിശദമായി അന്വേഷിച്ചെങ്കിലും കൊലപാതകത്തിന് തെളിവൊന്നും ലഭിച്ചില്ല. കല്ലേറിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
അതിഥി തൊഴിലാളിയായതിനാൽ ആദ്യം മൃതദേഹം ആരും തിരിച്ചറിഞ്ഞില്ല. ഈ സമയത്താണ് സാദിഖിന്റെ പോക്കറ്റിലെ ഫോൺ ബെല്ലടിച്ചത്. കോളിന് മറുപടി നൽകിയതിനെ തുടർന്ന് പുഷ്പ ജംക്‌ഷനു സമീപം എംബ്രോയ്ഡറി തൊഴിലാളിയായി ജോലി ചെയ്തിരുന്ന പശ്ചിമ ബംഗാൾ വര്‍ദ്ധമാന്‍ സ്വദേശി സാദിഖ് ഷെയ്‌ഖാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും രണ്ടാഴ്ചയായി സിസിടിവി ക്യാമറകൾ കേടായി കിടക്കുകയായിരുന്നു. തുടർന്ന് മരിച്ചയാളുടെ കൂടെ ജോലി ചെയ്തവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സാദിഖ് ആരോടും അധികം സംസാരിക്കാറില്ലെന്നും എല്ലായ്‌പ്പോഴും ഇയർഫോണിൽ സംഗീതം കേൾക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യാറാണ് പതിവെന്നും മനസ്സിലായി.
ജോലി കഴിഞ്ഞ് രാത്രി ടൗണിൽ കറങ്ങി നടക്കാറുണ്ടെന്നും പത്തുമണി കഴിഞ്ഞാൽ തിരികെ വരുമെന്നും കൂടെ ജോലി ചെയ്തിരുന്നവർ പറഞ്ഞു. ഞായറാഴ്ചയാണ് സാദിഖ് മരിച്ചത്. അവധി ദിനത്തിൽ ബിരിയാണി ഉണ്ടാക്കി സുഹൃത്തുക്കൾ സാദിഖിനെ കാത്തിരിക്കുകയായിരുന്നു. രാത്രി ഏഴരയോടെ സാദിഖിനെ വിളിച്ചപ്പോൾ മാർക്കറ്റിലുണ്ടെന്നും ഉടൻ വരാമെന്നും പറഞ്ഞു. പിന്നീട് ഒമ്പതു മണി മുതൽ വിളിച്ചെങ്കിലും റിംഗ് ചെയ്തതല്ലാതെ ആരും ഫോൺ എടുത്തില്ല. കൂടെ ജോലി ചെയ്യുന്ന എട്ടുപേരും ആ രാത്രിയെ സങ്കടത്തോടെ ഓർത്തു.
കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇയാൾ മദ്യപിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ പറഞ്ഞു. തുടർന്ന് തൊട്ടടുത്ത ബാർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയില്‍ നിന്നുകൊണ്ട് മദ്യപിക്കുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ തന്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരനെ അയാള്‍ പരിചയപ്പെട്ടു. കുറച്ച് കഴിഞ്ഞ് അവര്‍ ഒരുമിച്ച് ബാറില്‍ നിന്നും പുറത്തിറങ്ങി. കുറേ നേരം കഴിഞ്ഞ് വെളുത്ത ടീഷര്‍ട്ടുകാരന്‍ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതും ദൃശ്യത്തില്‍ കാണാം. ഈ വെളുത്ത ടീഷര്‍ട്ടുകാരന്‍ ആരാണെന്ന് കണ്ടെത്താനായി പൊലീസിന്‍്റെ ശ്രമം.
അയാള്‍ തമിഴ്നാട് കടലൂര്‍ സ്വദേശി അര്‍ജുനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സ്വവര്‍ഗാനുരാഗിയായ സാദിക്ക് അര്‍ജുനേയും കൂട്ടി ആനിഹാള്‍ റോഡിലെ പറമ്ബിലെത്തി. അവിടെവെച്ച് അര്‍ജുന്‍ സാദിക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം പേഴ്‌സുമായി കടന്നുകളയുകയായിരുന്നു. കൊലപാതകം നടത്തിയശേഷം പ്രതി തമിഴ്നാട്ടിലെ കടലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ പ്രതിക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് കടലൂര്‍ ഭാഗങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് അര്‍ജുന്‍ മറ്റൊരു കൊലപാതകക്കേസില്‍ ജാമ്യത്തിലിങ്ങി കേരളത്തിലേയ്ക്ക് മുണ്ടിയതാണെന്ന് മനസ്സിലായത്.
ചെന്നൈയിലെ റെഡ് ഹില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചു വയസ്സുള്ള കുട്ടിയെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നതാണ് അര്‍ജുന്റെ പേരില്‍ തമിഴ്‌നാട്ടിലുണ്ടായിരുന്ന കേസ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നതായിരുന്നു ഇയാള്‍.
പ്രതി താമസിക്കുന്ന ചേരിയില്‍ പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനില്‍ അര്‍ജുന്‍ പിടിയിലായി. കടലൂര്‍ പട്ടൈ സ്ട്രീറ്റ് സ്വദേശിയാണ് അര്‍ജുന്‍. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവില്‍ പിടിയിലായ പ്രതി ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
പഴയ കൊലപാതക കേസ് നടത്തുന്നതിന് പണം ആവശ്യമായിവന്നപ്പോള്‍ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തില്‍ കലാശിച്ചത്. ബാറില്‍നിന്നും പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്റെ കീശയില്‍ അര്‍ജുന്‍ പണം കണ്ടു. ഇതോടെ സാദിഖിന്റെ ആവശ്യത്തിനു വഴങ്ങി. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖിന്റെ കയ്യിലുണ്ടായിരുന്നു.
ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അര്‍ജുന്‍ ഇയാളെ താഴെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊലപ്പെടുത്തിയത്. സാദിഖിന്റെ പഴ്സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







