ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ 12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികൾ. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി.അതേ സമയം സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സർവേ ഭൂപടത്തിൽ പിഴവുണ്ടെന്നാണ് ഡിഎഫ്ഒ എസ്. വിനോദ് അറിയിക്കുന്നത്. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫർ സോൺ ഉള്ളതിനാൽ, കൂട്ടിച്ചേർക്കൽ വേണ്ടിവരില്ല. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.ബഫർസോൺ വിഷയത്തിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്ന യുഡിഎഫിന് ജനകീയ കൺവെൻഷൻ വഴി മറുപടി നൽകി സിപിഎം. ബഫർ സോൺ യാഥാർത്ഥ്യമാണ് ഇതംഗീകരിക്കണം കോഴിക്കോട് കൂരാച്ചുണ്ടിൽ നടന്ന ജനകീയ കൺവെൻഷനിൽ ജോയ്സ് ജോർജ്ജ് പറഞ്ഞു. മലയോര മേഖലയിലെ അൻപതോളം കർഷകരാണ് കൺവെൻഷനെത്തിയത്. ബഫർസോൺ വിഷയത്തിൽ പ്രതിരോധം തീർക്കുന്നതിന്റെ ആദ്യപടിയായാണ് ജനകീയ കൺവെൻഷൻ. ബാലുശ്ശേരി എംഎൽഎ സച്ചിൻദേവിന്റെ നേതൃത്വത്തിലാണ് കൂരാച്ചുണ്ട്, ചക്കിട്ടപാറ, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവരെയുൾക്കൊളളിച്ച് കൂരാച്ചുണ്ടിൽ കൺവെൻഷൻ സംഘടിപ്പിച്ചത്. കൺവെൻഷനിൽ വിപുലമായ കർഷക പ്രാതിനിധ്യം ആദ്യഘട്ടിൽ ഉൾക്കൊളളിക്കാനായില്ലെങ്കിലും അടുത്ത ഘട്ടത്തിൽ രാഷ്ട്രീയ വിശദീകരണയോഗം സിപിഎം സംഘടിപ്പിക്കുന്നുണ്ട്. ഈമാസം 28 ന് ചക്കിട്ടപാറയിലാണ് പൊതുയോഗം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









