കോഴിക്കോട്: നാട്ടിൽ നിന്ന് വധുവിനെ കിട്ടാതെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വിവാഹം കഴിക്കേണ്ടി വരുന്ന കോഴിക്കോട് കുറ്റ്യാടിയിലെ യുവാക്കളുടെ വാർത്ത ചര്‍ച്ചയായതാണ്. യുവാക്കൾക്ക് വിദ്യാഭ്യാസം കുറഞ്ഞതും പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതുമാണ് വിവാഹത്തിന് വധുവിനെ തേടി അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കണക്കുകൾ പ്രകാരം കുറ്റ്യാടിയിലെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ മാത്രം കഴിഞ്ഞ ഏതാനും വർഷങ്ങളായി അറുപതോളം യുവാക്കൾ ഇതര സംസ്ഥാനക്കാരായ വധുക്കളെ കണ്ടെത്തി.
വിവാഹം കഴിഞ്ഞ് കേരളത്തിലെത്തുന്നവർക്ക് ഭാഷ പ്രശ്നമാകാതിരിക്കാനുള്ള പരിഹാരവും യുവാക്കളുടെ നേതൃത്വത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുറ്റ്യാടി സംവേദ ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വധുക്കളെ മലയാളം പഠിപ്പിക്കുന്നത്. കുറ്റ്യാടിയിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്കാണ് കൂടുതലായും വധുവിനെ കിട്ടാത്തതെന്നും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ കണ്ടെത്തേണ്ടി വരുന്നതെന്നും സൊസൈറ്റി സെക്രട്ടറി ചന്ദ്രന്‍ പറഞ്ഞു.
കൊടഗ്, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലെ ഡസനോളം പെണ്‍കുട്ടികള്‍ കേരളത്തിന്റെ മരുമക്കളായി അടുത്ത വര്‍ഷങ്ങളില്‍ എത്തിയിട്ടുണ്ട്. മിക്ക വിവാഹങ്ങളും വിവാഹ ബ്രോക്കർമാർ വഴിയാണ് നടത്തുന്നത്. അടുത്തിടെ നടത്തിയ സർവേയിൽ കുന്നുമ്മൽ പഞ്ചായത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഇത്തരത്തിലുള്ള 60 വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നും സമീപ പ്രദേശങ്ങളിലും ഇതുതന്നെയാണെന്നും ചന്ദ്രൻ പറഞ്ഞു. പൊള്ളാച്ചി സ്വദേശിയായ വിവാഹിതനായ സുഹൃത്ത് തന്റെ അനുഭവം പങ്കുവെച്ചപ്പോഴാണ് പെൺകുട്ടികളെ ഭാഷ പഠിപ്പിക്കണമെന്ന ആശയം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടുകാരോടും ഭർത്താക്കന്മാരോടും പോലും സംസാരിക്കാൻ പെൺകുട്ടികൾ ബുദ്ധിമുട്ടുന്നു. ആദ്യം 10 യുവതികളാണ് പരിശീലനത്തിനെത്തിയത്. പിന്നീട് സമീപ പ്രദേശങ്ങളിൽ നിന്ന് പെൺകുട്ടികൾ എത്തിത്തുടങ്ങി. ഇപ്പോൾ 22 യുവതികളാണ് ഇവിടെ നിന്ന് മലയാളം പഠിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.