ജനങ്ങൾക്ക് തണലേകാൻ നാടാകെ മരങ്ങൾ നട്ടുപിടിപ്പിക്കുമ്പോൾ പടർന്നു പന്തലിച്ച് കിടക്കുന്ന ഭീമൻ ചീനിമരത്തിന് മുന്നിൽ ഒരു നാടും നാട്ടുകാരും ഭയപ്പാടോടെ നോക്കി നിൽക്കുകയാണ്. കോഴിക്കോട് കൂളിമാട് സംസ്ഥാനപാതയിൽ പി.എച്ച്.ഇ.ഡി അങ്ങാടിയിലെ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം നിൽക്കുന്ന ചീനിമരമാണ് അപകടാവസ്ഥയിൽ നിലകൊള്ളുന്നത്.
താഴെ ബസ് കാത്തിരിപ്പ് കേന്ദ്രവും മുകളിൽ എ. സി.മുഹമ്മദ് ഹാജി സ്മാരക ഗ്രന്ഥശാലയും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന് ഇരുവശവും വലിയ ശിഖരങ്ങളുള്ള രണ്ട് കൂറ്റൻ ചീനമരങ്ങളാണ് റോഡിന് അപകടഭീഷണി ഉയർത്തി നിൽക്കുന്നത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയോരത്താണ് ഈ ചീനിമരം സ്ഥിതി ചെയ്യുന്നത്. മുതിർന്ന പൗരന്മാരും വിദ്യാർത്ഥികളുമടക്കം നിരവധി യാത്രക്കാരാണ് ദിവസവും ഈ ബസ് വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തുനിൽക്കുന്നത്. കൂടാതെ എതിർവശത്ത് ഓട്ടോ സ്റ്റാൻഡുമുണ്ട്. ചീനിമരത്തിനു സമീപം ജല അതോറിറ്റിയുടെ കാന്റീനും പ്രവർത്തിക്കുന്നുണ്ട്.
നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് ഈ മരം മുറിക്കുന്നതിന് ജല അതോറിറ്റി ടെൻഡർ വിളിച്ച് കരാർ നൽകിയെങ്കിലും കരാർ എടുത്തയാൾ പിന്നീട് കരാറിൽ നിന്ന് പിന്മാറി. കെട്ടിടത്തിനും മനുഷ്യജീവനും ഭീഷണിയായ ഈ ചീനിമരം മുറിച്ചുമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.