കോഴിക്കോട്: സ്വകാര്യ ബസുകളുടെ മുന്നിലും പിന്നിലും ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദേശത്തിൽ ബസുടമകൾ വലഞ്ഞു. ഈ മാസം 28നകം ക്യാമറകൾ സ്ഥാപിക്കണമെന്ന് ശഠിച്ചാൽ ഉടമകൾ സർവീസ് നിർത്താനൊരുങ്ങുകയാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബസുടമകൾ ഗുണനിലവാരമുള്ള ക്യാമറകൾ സ്ഥാപിക്കാൻ സമയം വേണമെന്നാണ് ആവശ്യപ്പെടുന്നത്. അടുത്തിടെയാണ് ഓരോ ബസിനും നികുതിയടക്കം 30,000 അടച്ചത്. ഇനി പത്ത് ദിവസം കൊണ്ട് ക്യാമറ സ്ഥാപിക്കാൻ ബുദ്ധിമുട്ടാകും. പിൻ ക്യാമറ സ്ഥാപിക്കാൻ ഏകദേശം 25,000 രൂപ വേണ്ടിവരും. തങ്ങളുടെ കയ്യിൽ നിന്ന് ഇത്രയും പണം എടുക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു. പണം നൽകാമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത് എങ്ങനെ നടപ്പാക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. 5000 രൂപ മാത്രമേ അനുവദിക്കൂ എന്നാണ് സർക്കാർ നിലപാട്. എന്നാൽ മുഴുവൻ തുകയും സർക്കാർ നൽകണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം ബസുകളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള നിർദേശത്തെ ബസ് ജീവനക്കാർ സ്വാഗതം ചെയ്തു. ബസിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും യാത്രക്കാരുടെ സുരക്ഷ വർധിക്കുമെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ ആരോപണങ്ങൾ ഉയരില്ലെന്നും ഇവർ പറയുന്നു.
നിലവിൽ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്ന് ബസുടമകൾ പറയുന്നു. ഇന്ധനവില വർധനയും ടയർ, സ്‌പെയർ പാർട്‌സ്, ഓയിൽ തുടങ്ങിയവയുടെ വില വർധനയും ഉടമകൾക്ക് തിരിച്ചടിയായി. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് യാത്രക്കാർ സ്വന്തമായി വാഹനം വാങ്ങിയതോടെ ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറയുകയും പ്രതിസന്ധി വർധിക്കുകയും ചെയ്തു.
ബസുകളുടെ അകവും പുറവും കാണാൻ കഴിയുന്ന തരത്തിൽ ഈ മാസം 28നകം രണ്ട് ക്യാമറകൾ സ്ഥാപിക്കണമെന്നാണ് സർക്കാർ നിർദേശം. സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങളും അപകടങ്ങളും വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 7,686 ബസുകളിലും ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ പകുതി തുക റോഡ് സുരക്ഷാ അതോറിറ്റിയാണ് വഹിക്കുന്നത്. കെഎസ്ആർടിസി ബസുകൾക്ക് മുഴുവൻ തുകയും നൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.