തൊടുപുഴ: വേനൽ കടുത്തതോടെ ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി താഴുന്നു. ജില്ലയിലെ ഒട്ടുമിക്ക അണക്കെട്ടുകളിലും കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് ജലനിരപ്പ് വളരെ കുറവാണ്. മഴ കുറഞ്ഞതും ചൂട് വർധിച്ചതും ആനുപാതികമായി ഉയർന്ന ഉപഭോഗവും ഉയർന്ന വൈദ്യുതി ഉൽപ്പാദനവുമാണ് ഡാമുകളിലെ ജലനിരപ്പ് കുറയാൻ പ്രധാന കാരണം.
ജില്ലയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ ശരാശരി ഉയർന്ന താപനില 32 ഡിഗ്രിയാണ്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങുകയും പതിവിലും നേരത്തെ കുടിവെള്ളക്ഷാമം നേരിടുകയും ചെയ്തിട്ടുണ്ട്.
ചൂട് കാർഷികോൽപ്പാദനത്തെയും ബാധിച്ചതായി കർഷകർ പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ബുധനാഴ്ച ജലനിരപ്പ് 2357.16 അടിയാണ്. സംഭരണശേഷിയുടെ 52 ശതമാനം ജലമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 2379.08 അടിയായിരുന്നു ജലനിരപ്പ്. മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചതാണ് ഇടുക്കിയിലെ ജലനിരപ്പ് താഴാൻ കാരണമായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









