കോഴിക്കോട്: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി.
ജില്ലയില്‍ റെഡ് അലർട്ട് നിലനില്‍ക്കുന്നതിനാലും ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരുന്നതിനാലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ നടപടി. കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് വിലക്ക് ബാധകമാക്കിയിരിക്കുന്നത്. ജില്ലയില്‍ രണ്ടു ദിവസത്തേക്ക് ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കളക്ടർ വ്യക്തമാക്കി.
സുരക്ഷ മുൻനിർത്തി പുഴകള്‍, അരുവികള്‍, തടയണകള്‍ എന്നിവയില്‍ ഇറങ്ങുന്നതിനും മീൻപിടിത്തം, കുളി, നീന്തല്‍, ട്രക്കിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങള്‍ അടയ്ക്കാനും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊലീസിനെയും വനം വകുപ്പിനെയും ഡി.ടി.പി.സിയെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










