ബംഗളൂരു: കാവേരി നദീജല തർക്കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച കർണാടക സർക്കാർ മാറ്റിവെച്ചു (Cauvery water dispute).നിലവിലെ സാഹചര്യത്തില്‍ തമിഴ്നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷമല്ല ഉള്ളതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ചർച്ച നടത്തേണ്ട പുതിയ തീയതി പിന്നീട് തീരുമാനിക്കും.
കാവേരി ജല ക്രമീകരണ സമിതി (CWRC) തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാൻ ഉത്തരവിട്ടതിനെ തുടർന്ന് കർണാടകയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി ഇതിനായി ബംഗളൂരുവില്‍ എത്തുകയാണെങ്കില്‍ വിമാനത്താവളത്തില്‍ വെച്ച് തടയുമെന്ന് വിവിധ കന്നഡ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിഷേധങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13-ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ സംസ്ഥാനവ്യാപകമായി ബന്ദിനും കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്തു. അതിർത്തി പ്രദേശങ്ങളിലും ബെംഗളൂരുവിലും വരുംദിവസങ്ങളില്‍ സുരക്ഷ ശക്തമാക്കാനാണ് കർണാടക പോലീസിന്റെ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










