കോട്ടയം: തമിഴ്‌നാട് തേനിക്ക് സമീപം വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനന്തു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. യാത്രയ്‌ക്കിടെ ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇതോടെ, അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് കോയമ്പത്തൂരിൽനിന്ന് കമ്പം ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ അല്ലിനഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കോട്ടയം ജില്ലക്കാരായ മൂന്ന് പേർ സഞ്ചരിച്ചിരുന്ന വാഗൺ-ആർ കാറാണ് അപകടത്തിൽപ്പെട്ടത്.
തേനിക്ക് സമീപം അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് അപകടം. എതിരെ വന്ന കർണാടക രജിസ്ട്രേഷനുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ പിന്നിലെ ടയറുകളിലൊന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു.
അനന്ദുവിന്റെ സഹോദരിയെ തമിഴ്‌നാട്ടിലെ കോളേജിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ഇന്നലെ വൈകുന്നേരമാണ് യുവാക്കൾ കാറുമായി പോയത്. അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. അനന്തു ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









