തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി അടുത്തയാഴ്ച മഴയെത്തും. കേരളത്തിലെ നിലവിലെ അന്തരീക്ഷ വ്യതിയാനങ്ങൾ കണക്കിലെടുത്ത് മാർച്ച് പകുതിയോടെ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. തെക്കൻ കേരളത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വേനൽമഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിന് ശേഷം മറ്റു ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.
കാലാവസ്ഥാ പ്രവചന പ്രകാരം 15.6 മില്ലീ മീറ്റര്‍ മുതല്‍ 64.4 മില്ലീ മീറ്റര്‍ വരെയുള്ള സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നിലവില്‍ മഴ സാധ്യത. പിറ്റേന്ന് കൊല്ലം പത്തനംതിട്ട ജില്ലകളിലും സമാനമായ രീതിയില്‍ മഴ സാധ്യതയുണ്ട്.
അതേസമയം, കനത്ത ചൂട് കണക്കിലെടുത്ത് ഈ ആഴ്ച ദുരന്തനിവാരണ അഥോറിറ്റി സൂര്യാഘാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ വലിയ രീതിയില്‍ ചൂട് വര്‍ധിക്കുമെന്നും താപസൂചിക ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് പലയിടങ്ങളിലും താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദിവസവും താപസൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഓട്ടോമാറ്റിക്ക് കാലാവസ്ഥാ മാപിനികള്‍ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആര്‍ദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താപസൂചിക തയാറാക്കിയത്. ഇതിലെ വിവരങ്ങള്‍ പ്രകാരം അപകടകരമായ രീതിയില്‍ ചൂട് വര്‍ധിച്ച ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തൊഴില്‍ വകുപ്പ് പകല്‍സമയത്തെ ജോലിയമയത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. ഡാമുകളിലെ വെള്ളത്തിന്‍റെ അളവ് കുറയുന്നതും ആശങ്കയാണ്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 46.87% ജലനിരപ്പ് മാത്രമാണുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 70%ത്തോളം ജലം അണക്കെട്ടില്‍ ഉണ്ടായിരുന്നു. വേനല്‍മഴ ശക്തമാകുന്നതോടെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്‌ഇബി. വര്‍ഷങ്ങള്‍ക്കുശേഷം ഇത്തവണ മകരം, കുംഭം മാസങ്ങളില്‍ തീരെ മഴ ലഭിക്കാതിരിക്കുന്നത് കാര്‍ഷിക മേഖലയേയും സാരമായി ബാധിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









