ചാത്തമംഗലം വെള്ളലശ്ശേരിയിലെ സംകേതം കൊളങ്ങര കണ്ടിയിൽ ഗുരുദേവൻ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോൽസവവും തിറ താലപ്പൊലി ഉത്സവവും മാർച്ച് 27, 28 ദിവസങ്ങളിൽ നടക്കുമെന്ന് ഉൽസവ കമ്മറ്റി ഭാരവാഹികൾ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്ത്വത്തിലാണ് ഉൽസവ ചടങ്ങുകൾ നടക്കുക. തിങ്കളാഴ്ച്ച പുലർച്ചെ മുതൽ നടക്കുന്ന പൂജാ ചടങ്ങുകളോടെയാണ് പ്രതിഷ്ഠാദിന പരിപാടികൾ നടക്കുക.
ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് വെള്ളലശ്ശേരി വയൽ കുനിയേപ്പ ഇല്ലത്തുനിന്നും തുടങ്ങുന്ന കലശം വരവോടെയാണ് തിറ ഉൽസവ ചടങ്ങുകൾക്ക് തുടക്കമാവുക. തുടർന്ന് അന്നദാനം നടക്കും.
വൈകുന്നേരം നാലു മണിക്ക് ഗുരുദേവൻ വെള്ളാട്ട് നടക്കും. ആറ് മണിക്ക് മഞ്ഞ താലപ്പൊലിയുടെ അകമ്പടിയോടെ ഭഗവതി വെള്ളാട്ട് ആരംഭിക്കും. രാത്രി എട്ട് മണിക്ക് അരി താലപ്പൊലിയും ഭഗവതി തിറയും അരങ്ങേറും.തുടർന്ന് ഗുളികൻ തിറ, കുട്ടി ചാത്തൻ തിറ എന്നിവ ക്ഷേത്രമുറ്റത്ത് നടക്കും.
പുവ്വാട്ടുപറമ്പ് തിറയാട്ട കലാസമിതിയാണ് വെള്ളാട്ടുകളും തിറ കളും അവതരിപ്പിക്കുന്നതെന്നും ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മറ്റി അംഗങ്ങളായ എം.പി. വേലായുധൻ, സി.കെ.കൃഷ്ണൻ നായർ , കെ.മാധവൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.