ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ നജീബ് മൂടാടിയുടെ കുറിപ്പുകൾ വൈറലാവുകയാണ് .നിരപരാധികളായ മൂന്നു യാത്രക്കാർ ദാരുണമായി കൊല്ലപ്പെടുകയും, എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൊടുംക്രൂരതയുടെ വാർത്ത നടുക്കവും വേദനയും ഉണ്ടാക്കുന്നതാണ്.
ഒരു കാരണവും പ്രകോപനവും ഇല്ലാതെ, എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കാൻ കഴിയുന്നതിന് മുമ്പേ, പാതിരാത്രിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ട്രെയിൻ യാത്രികർക്ക് നേരെ ഒരാൾ പെട്രോൾ ഒഴിച്ചു തീക്കൊളുത്തുക!
നമ്മുടെ നാട്ടിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത വിധം ഭീകരമാണ് ഈ ക്രൂരത. ട്രെയിനിന് തീപ്പിടിച്ചതാണ് എന്ന പരിഭ്രാന്തിയിൽ പുറത്തേക്ക് എടുത്തു ചാടിയ ഒരു സ്ത്രീയുടെയും കുട്ടിയുടെയും പുരുഷന്റെയും മൃതദേഹമാണ് ഇന്ന് പുലർച്ചെ എലത്തൂരിൽ റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും ലഭിച്ചത്. രാത്രി വൈകി വീട്ടിലേക്കെത്താൻ ധൃതിപ്പെട്ട മനസ്സുമായി തീവണ്ടിയിൽ ഇരുന്ന ആ പാവങ്ങൾ ഓർത്തിരിക്കുമോ ഇങ്ങനെ ഒരു മരണം.
ആസൂത്രിതമാണ് ഈ കൊടുംക്രൂരത എന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ ബൈക്കിൽ വന്ന ഒരാൾ രക്ഷിച്ചു കൊണ്ടുപോയതായും പോലീസ് പറയുന്നു. മനുഷ്യത്വരഹിതമായ ഈ ക്രൂരത ആസൂത്രണം നടത്തിയവരും ചെയ്തവരും ആരു തന്നെ ആയാലും പെട്ടെന്ന് പിടിക്കപ്പെടട്ടെ.
അർദ്ധരാത്രി ഓർക്കാപ്പുറത്ത് തീവണ്ടിക്ക് പുറത്തേക്ക് വലിച്ചെറിയപ്പെട്ട് ഗുരുതരമായി പരിക്കേറ്റും ചോരവാർന്നും രാത്രി മുഴുവൻ ആരുടെയും കണ്ണിൽ പെടാതെ കിടന്നു പിടഞ്ഞു മരിച്ചു പോയ, രണ്ടു വയസ്സുള്ള കുഞ്ഞുമോൾ അടക്കം ആ മനുഷ്യർ… പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവർ….
എത്ര വലിയ വേദനയാണ്. എന്തു സുരക്ഷ ഒരുക്കിയാലാണ്, എത്ര കഠിനമായ ശിക്ഷ നൽകിയാലാണ് ഇതൊക്കെ ഇല്ലാതാവുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









