ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
എയർ ഇന്ത്യയുടെ എഐ 111 വിമാനം അൽപ്പസമയത്തിനകം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ക്യാബിൻ ക്രൂവിലെ രണ്ടുപേരെ യാത്രക്കാരൻ മർദ്ദിച്ചുവെന്നാണ് പരാതി. 225 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ ഇറക്കിവിട്ട ശേഷം വിമാനം ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലേക്ക് യാത്ര പുനരാരംഭിച്ചു.
വിഷയത്തിൽ എയർ ഇന്ത്യ യാത്രക്കാരനെതിരെ ഡൽഹി എയർപ്പോർട്ട് പോലീസിന് പരാതി നൽകിയിട്ടുണ്ട്. യാത്രക്കാരിൽ ഒരാൾ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പ്രതിയായ യാത്രക്കാരന്‍ ഇപ്പോള്‍ ഡൽഹി എയർപോർട്ട് പോലീസ് കസ്റ്റഡിയിലാണ്.
യാത്രക്കാരുടെ സുരക്ഷയും അന്തസ്സും എയർലൈനിന് പ്രധാനമാണെന്ന് പ്രസ്താവിച്ച എയര്‍ ഇന്ത്യ, യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദവും അറിയിച്ചു. അടുത്തിടെ, ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളിൽ യാത്രക്കാർ അപമര്യാദയായി പെരുമാറുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ എയർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.