ദമാം: ഹജ്ജ് നിർവഹണത്തിനായി നടന്ന് യാത്രചെയ്യാന്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ട ശിഹാബ് ഇപ്പോള്‍ ലക്ഷ്യത്തിനരികെ. കുവൈത്ത് അതിര്‍ത്തി കടന്ന് സൗദി മണ്ണിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം കഴിഞ്ഞ ദിവസം മുതൽ മദീനയിലേക്ക് നടക്കാൻ തുടങ്ങി.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 5.15ന് സൗദി-കുവൈത്ത് അതിർത്തിയായ ‘അൽ റഖായി’ വഴിയാണ് ശിഹാബ് സൗദിയിലേക്ക് പ്രവേശിച്ചത്. മലയാളി സാമൂഹിക പ്രവർത്തകരായ ഹഫര്‍ അല്‍ ബാത്വിനിലെ സാഹിര്‍ വാഴക്കാട്, ഷനീത് കണ്ണൂര്‍, ഷാഹുല്‍ ഹമീദ് പള്ളിക്കല്‍ ബസാര്‍, അബൂബക്കര്‍ മഞ്ചേരി, ആസിഫ് കണ്ണൂര്‍, നൗഫല്‍, അഫ്സര്‍, ജിദേഷ്, യൂസഫ്, സക്കീര്‍, ഷിനാജ് എന്നിവര്‍ ചേര്‍ന്നാണ് ശിഹാബിനെ സൗദിയിലേക്ക് സ്വാഗതം ചെയ്തത്. ഒരു ദിവസം കൊണ്ട് കുവൈറ്റിൽ നിന്ന് 60 കിലോമീറ്ററിലധികം നടന്നാണ് ഷിഹാബ് സൗദിയിലെത്തിയത്.
കുവൈറ്റ് അതിർത്തിയിൽ എത്തുന്നതിന് തൊട്ടുമുമ്പ് മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഷിഹാബിനോട് പാസ്‌പോർട്ടും യാത്രാ രേഖകളും ആവശ്യപ്പെട്ടു. എന്നാൽ, പൊലീസ് യൂണിഫോമിലല്ലാത്തതിനാൽ ആളെ തിരിച്ചറിയാതെ യാത്രാരേഖകൾ നൽകാൻ ഷിഹാബ് വിസമ്മതിച്ചു. ഇതോടെ പൊലീസ് സൈന്യത്തെ വിളിച്ചുവരുത്തി. അതിവേഗത്തിൽ എത്തിയ സൈനിക വാഹനത്തിൽ നിന്ന് ഇറങ്ങിയ സൈനികർ തോക്കിന് മുനയിൽ നിർത്തി ഷിഹാബിനോട് രേഖകൾ ആവശ്യപ്പെട്ടു. എല്ലാ രേഖകളും പരിശോധിച്ച് യാത്രയുടെ ഉദ്ദേശം മനസ്സിലാക്കിയതിൽ സംതൃപ്തരായ അവർ ഷിഹാബിനെ വിട്ടയക്കുകയും എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
വ്രതാനുഷ്ഠാന സമയമായതിനാൽ രാത്രിയിലാണ് കൂടുതലും നടപ്പ്. വഴിയിൽ ഷിഹാബിന് സുരക്ഷയൊരുക്കി സൗദി പൊലീസ് മിക്കയിടത്തും ഒപ്പമുണ്ട്. ഹഫറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഷിഹാബിനെ വാഹനത്തിൽ പിന്തുടരുന്നുമുണ്ട്. അടുത്ത വിശ്രമകേന്ദ്രമായ ഉമ്മുൽ ജമാൽ ടൗണിനെയാണ് പരിഗണിക്കുന്നത്.
സൗദിയിലെത്തിയ ശിഹാബും സുഹൃത്തുക്കളും ഏഴു കിലോമീറ്റർ പിന്നിട്ടപ്പോൾ ഒരു പെട്രോൾ സ്റ്റേഷനിലെത്തി. അവിടെ നിന്ന് ഒരു മലയാളിയെ കണ്ടെത്തി താമസസ്ഥലത്ത് വിശ്രമിച്ചു. രാത്രിയിൽ വീണ്ടും പുറപ്പെട്ട ഷിഹാബ് ഏറെ ദൂരം നടന്ന് വര്‍ബ് ശാമിയ എന്ന സ്ഥലത്ത് ഒരു യെമൻ പൗരന്റെ ഉടമസ്ഥതയിലുള്ള ഇസ്തിറാഹയിൽ (വിശ്രമസ്ഥലം) താമസിച്ചു. അടുത്ത ദിവസം അവിടെ നിന്ന് പുറപ്പെട്ട് 90 കിലോമീറ്ററോളം നടന്ന് ഹഫർ അൽ ബാത്വിൻ പട്ടണത്തിൽ പ്രവേശിച്ചു. ഓർക്കാപ്പുറത്ത് മഴ പെയ്തു. കനത്ത മഴ കാരണം പെട്ടെന്ന് പുറപ്പെടാന്‍ സാധിച്ചില്ല.
ഹഫറിലെ നൂറുകണക്കിന് പ്രവാസികള്‍ ശിഹാബിനെ കാണാന്‍ തടിച്ചുകൂടിയതോടെ ‘റബ്വ’ എന്ന സ്ഥലത്തുനിന്ന് വന്ന അല്‍ അനസി കുടുംബക്കാരായ സൗദി പൗരന്മാരുടെ ആതിഥ്യം സ്വീകരിച്ച് അവരുടെ വീട്ടിേലക്ക് പോയി. നാട്ടുകാരുൾപ്പെടെ നിരവധി പേർ ഫോട്ടോയെടുക്കാനും സഹായ വാഗ്ദാനവുമായി ഷിഹാബിനെ സമീപിച്ചു. ശേഷം അവിടെനിന്നും ശനിയാഴ്ച രാത്രിയും നടന്ന് തുടങ്ങിയിരിക്കുകയാണ്. ഹഫറില്‍ നിന്ന് 70 കിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.