ഇടുക്കി : പുലർച്ചെ നാല് മണിയോടെയാരംഭിച്ച ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ ദൗത്യം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. രാവിലെ മുതൽ തിരച്ചിൽ നടത്തിയെങ്കിലും ആനയെവിടെയെന്ന് കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാൻ വനംവകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് ഒരു സംഘം മടങ്ങി. നാളെ വീണ്ടും ദൗത്യം ആരംഭിക്കും.
അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിശദീകരിച്ചു. ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താനാകാതിരുന്നതെന്നാണ് കരുതുന്നത്. ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും വനംമന്ത്രി വിശദീകരിച്ചു. 150 ലേറെ പേരാണ് അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.
അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചിട്ടുണ്ട്. അരിക്കൊമ്പൻ ദൗത്യത്തിനായി വനം വകുപ്പ് നിശ്ചയിച്ച ചിന്നക്കനാലിൽ നിന്ന് പതിനഞ്ച് കിലോ മീറ്ററോളം അകലെ ശങ്കരപാണ്ഡ്യ മേട് എന്ന സ്ഥലത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് സംശയം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









