റിയാദ്: നിയമലംഘകരെ കണ്ടെത്താൻ രാജ്യത്ത് പരിശോധന കടുപ്പിച്ചു. അതിര്ത്തി നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിച്ചവരെയും കാലാവധിയില്ലാത്ത ഇഖാമ (താമസരേഖ) ഉള്ളവരെയും കണ്ടെത്താനാണ് പരിശോധന. തെരുവുകളിലും നഗരങ്ങളിലും സ്ഥാപനങ്ങളിലും അതിർത്തികളിലും പരിശോധന തുടരുകയാണ്. താമസം, തൊഴിൽ, അതിർത്തി സുരക്ഷ തുടങ്ങിയ വിവിധ നിയമങ്ങൾ ലംഘിച്ചതിന് 10,606 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 20 മുതൽ 26 വരെ റസിഡൻസി നിയമം ലംഘിച്ചതിന് 5,620 പേരും അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,825 പേരും ജോലിയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 1,161 പേരും അറസ്റ്റിലായി. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,087 പേരിൽ 25 ശതമാനം യെമനികളും 74 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമം ലംഘിച്ച് അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 29 പേരും പിടിയിലായി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും നിയമലംഘകർക്ക് അഭയം നൽകിയതിനും 10 പേരെ കസ്റ്റഡിയിലെടുത്തു.
ഏതെങ്കിലും വിധത്തിൽ നിയമം ലംഘിക്കുന്ന ആരെങ്കിലും അതിർത്തി കടക്കാൻ സഹായിക്കുകയോ നിയമലംഘകർക്ക് രാജ്യത്ത് വാഹനമോ താമസ സൗകര്യമോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവോ 10 ലക്ഷം റിയാൽ (2.2 കോടി രൂപ) വരെ പിഴയോ ലഭിക്കും. സഹായത്തിനായി നൽകിയ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും പരിശോധനാ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സാമൂഹികവും സാമ്പത്തികവുമായ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായ മയക്കുമരുന്ന് ഇടപാടിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളെ കുറിച്ച് അറിയിക്കാൻ സുരക്ഷാ സേന വിവിധ ഭാഷകളിൽ ബ്രോഷറുകൾ പുറത്തിറക്കിയിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, മക്ക, റിയാദ് പ്രദേശങ്ങളിലെ ടോൾ ഫ്രീ നമ്പറായ 911 ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും വിവരം അറിയിക്കണമെന്ന് ദേശീയ സുരക്ഷാ വകുപ്പ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.