മലപ്പുറം : കിഴിശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) യാണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഒമ്പത് പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. മോഷ്ടിക്കാനെത്തിയ രാജേഷിനെ മർദിച്ചതായി കസ്റ്റഡിയിലുള്ള വീട്ടുടമയും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈകൾ പിന്നിലേക്ക് കെട്ടിയിട്ട് രണ്ട് മണിക്കൂറോളം മർദിച്ചതായി പ്രതികൾ പറഞ്ഞു.
ശനിയാഴ്ച പുലർച്ച ഒന്നിനുശേഷം കീഴ്‌ശ്ശേരി-തവനൂർ റോഡിൽ ഒന്നാം മൈലിലാണ് സംഭവം. സംശയ സാഹചര്യത്തിൽ സമീപത്തെ വീട്ടുപരിസരത്തുനിന്ന് രാജേഷ് മാഞ്ചിയെ നാട്ടുകാർ പിടികൂടി. പുലർച്ച 3.30ഓടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് റോഡരികിൽ ഗുരുതര പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാത്രി മോഷണത്തിന് കയറിയ രാജേഷ് താഴെ വീണു മരിച്ചെന്നാണ് ഇവർ നൽകിയ പ്രാഥമിക വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ശരീരമാസകലം മുറിവുകളുണ്ടെന്ന് കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും മുറിവുകളുമുണ്ട്. ഇത് ക്രൂരമായ മർദനമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രതികളുടെ അറസ്റ്റ് ഞായറാഴ്ച കൊണ്ടോട്ടി പോലീസ് രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ എ.എസ്‌പി വിജയ് ഭാരത് റെഢിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









