ഗുവഹത്തി: അസം-മിസോറാം അതിര്‍ത്തിയില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അസമിലെ കച്ചാര്‍ ജില്ലയിലെ ലൈലാപ്പുര്‍ മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന അതിര്‍ത്തിയില്‍ ലൈലാപുറിന് സമീപം നിരവധി കുടിലുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി.
അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ മിസോറാമിലെ വെറെങ്ടെയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സൈഹൈപുയി വി ഗ്രാമത്തിന് സമീപം കാവല്‍ നില്ക്കുന്ന പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന താല്‍ക്കാലിക കുടിലുകള്‍ പൊളിച്ചുമാറ്റിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ യാത്രകള്‍ പരിശോധിക്കാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കാവല്‍ നിന്നിരുന്നത്.
അതിര്‍ത്തി ഗ്രാമത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാന്റിന് സമീപത്ത് നിന്നവര്‍ക്ക് നേരെ അസമില്‍ നിന്നുള്ള ചിലര്‍ കല്ലെറിഞ്ഞതോടെ വെറെങ്ടെയില്‍ നിന്നുള്ളവര്‍ സംഘടിക്കുകയായിരുന്നു. തിരിച്ചാക്രമിച്ച അവര്‍ ദേശീയ പാതയ്ക്ക് സമീപം ലൈലാപുറില്‍ നിന്നുള്ളവര്‍ പണിത ഇരുപതോളം താല്‍ക്കാലിക കുടിലുകള്‍ക്ക് തീ വെയ്ക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥരെ മിസോറാമിലെ വെറെങ്ടെയിലും അസമിലെ ലൈലാപൂരിനുസമീപവും വിന്യസിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.
അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാർ ഇപെട്ടു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സംഘർഷ മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചു. മിസോറാം സർക്കാർ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തു
അസമിന്റെ അനുമതിയില്ലാതെ മിസോറാം സർക്കാർ അതിർത്തിയിൽ കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഇതിനെ ചോദ്യം ചെയ്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
അസമുമായി 164.6 കിലോമീറ്റര്‍ അതിര്‍ത്തിയാണ് മിസോറാം പങ്കിടുന്നത്. അതിര്‍ത്തി വിഷയത്തില്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കവും പതിവാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി 1995 മുതല്‍ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.