തൃശൂർ∙ നടൻ കൊല്ലം സുധി വാഹനാപകടത്തിൽപ്പെടുന്നത് വടകരയില്‍ പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോള്‍. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാഴ്ച മുൻപ് ലോറിക്കു പിന്നിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ്, നടൻ കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം സംഭവിച്ചിരിക്കുന്നത്. അന്ന് ടാങ്കർ ലോറിയുടെ ഡ്രൈവർ അപകടത്തിൽ മരിച്ചിരുന്നു.
തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടമുണ്ടാകുമ്പോൾ കൊല്ലം സുധി വാഹനത്തിന്റെ മുൻസീറ്റിലാണ് ഇരുന്നിരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ടത് ചലച്ചിത്ര താരങ്ങൾ ഉൾപ്പെട്ട സംഘമാണെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയവർ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഉടൻതന്നെ കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് കൊല്ലം സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






