പാലക്കാട്: പാർട്ടി ഫണ്ട് തിരിമറിയിൽ സിപിഎം നേതാവ് പി കെ ശശിയോട് പാർട്ടി വിശദീകരണം തേടും. ശശിക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് പികെ ശശിക്കെതിരായ പരാതികൾ അന്വേഷിച്ചത്. മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റികളിൽ നിന്നാണ് പ്രധാനമായും പരാതികൾ ഉയർന്നത്. പാർട്ടി അറിയാതെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് വൻതുക പല കാര്യങ്ങൾക്കായി ശശി വകമാറ്റി സ്വന്തം അക്കൗണ്ടിലേക്ക് ശശി മാറ്റിയെന്ന് പരാതിയിൽ പറയുന്നു.
ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണ ഫണ്ടിലും ശശി കൈ കടത്തിയെന്നും ഇതിന്റെ തെളിവുകളോടെ പരാതി നൽകിയിരുന്നു. പികെ ശശി,വികെ ചന്ദ്രൻ,സികെ ചാമുണ്ണി എന്നീ നേതാക്കൾക്കെതിരെയാണ് വിഭാഗീയതയുമായി ബന്ധപ്പെട്ടുള്ള വിമർശനം ഉയർന്നത്. വിഭാഗീയതയിൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








