തിരുവനന്തപുരം ∙ മോൻസൻ മാവുങ്കലിനെതിരായ പോക്സോ പീഡനക്കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൂട്ടുപ്രതിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണത്തിനു തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് തള്ളി. പീഡനക്കേസിൽ ചോദ്യം ചെയ്യാനാണു ക്രൈംബ്രാഞ്ച് സുധാകരനെ വിളിപ്പിച്ചതെന്നു ‘ദേശാഭിമാനി’ പത്രത്തിൽ വാർത്തവന്നെന്നും ഇതെക്കുറിച്ചു തനിക്കു ക്രൈംബ്രാഞ്ചിൽനിന്ന് അറിവുണ്ടെന്നുമാണു ഗോവിന്ദൻ പറഞ്ഞത്.എന്നാൽ സുധാകരന്റെ പേര് കേസ് അന്വേഷണത്തിനിടെ ഒരിക്കൽപോലും ഉയർന്നുവരികയോ പരിശോധിക്കേണ്ടി വരികയോ ചെയ്തിട്ടില്ലെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
2018ലാണു സുധാകരൻ മോൻസന്റെ വീട്ടിൽ പോയത്; പെൺകുട്ടി പീഡനത്തിനിരയായത് 2019 ജൂൺ മുതലും. അന്വേഷണം പൂർത്തിയായതാണെന്നും സുധാകരനെതിരെ പെൺകുട്ടിയുടെ പരാതിയില്ലാത്തതിനാൽ അത്തരത്തിൽ അന്വേഷണമില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതെ സമയം പോക്സോ കേസിൽ പെൺകുട്ടി നൽകിയതു രഹസ്യമൊഴിയാണെന്നിരിക്കെ, ഗോവിന്ദൻ അതെങ്ങനെ അറിഞ്ഞെന്നു കെ.സുധാകരൻ ചോദിച്ചു. തനിക്കെതിരായ കേസിനു പിന്നിൽ സിപിഎമ്മാണെന്ന് ഇപ്പോൾ ബോധ്യമായെന്നും പറഞ്ഞു. പെൺകുട്ടിയിൽനിന്നു പൊലീസും ക്രൈംബ്രാഞ്ചും രേഖപ്പെടുത്തിയ മൊഴിയിലും മജിസ്ട്രേട്ടിനു പെൺകുട്ടി നേരിട്ടുൽകിയ മൊഴിയിലും സുധാകരന്റെ പേരില്ലെന്നു മോൻസന്റെ അഭിഭാഷകൻ എം.ജി.ശ്രീജിത്തും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








