മസ്കത്ത്: ഈദുൽ അദ്ഹ ആഘോഷിക്കാൻ ജിസിസി രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. ജബൽ അഖ്ദർ, ജബൽ ഷംസ്, സലാല തുടങ്ങിയ സുൽത്താനേറ്റിലെ തണുത്ത പ്രദേശങ്ങളിലേക്കാണ് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നത്.
ജിസിസി പൗരന്മാരും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും സുൽത്താനേറ്റിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നു. മലയാളികൾ ഉൾപ്പെടെയുള്ളവർ ദിവസങ്ങൾക്കുമുമ്പ് ഒമാനിലെത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് കഴിയുന്നത്. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചതാണ് മലയാളികളടക്കമുള്ള പ്രവാസികളെ സ്വന്തം നാട്ടിലേക്ക് പെരുന്നാൾ യാത്ര മാറ്റി ഒമാൻ പോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുന്നത്. കുടുംബത്തോടൊപ്പമുള്ളവർക്ക് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ഇനത്തിൽ മാത്രം ലക്ഷങ്ങളാണ് ചെലവ്.
ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ ആളുകളും എത്തിയിരിക്കുന്നത്. ഖരിഫ് സീസൺ ആരംഭിച്ചതിനാൽ സലാലയാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രം. സൗദി, ഖത്തർ വിനോദസഞ്ചാരികളാണ് ഇത്തവണ ഒമാനെ തിരഞ്ഞെടുക്കുന്നതും. യുഎഇയിൽ നിന്നുള്ള സന്ദർശകരിൽ ഭൂരിഭാഗവും റോഡ് മാർഗമാണ് സുല്‍ത്താനേറ്റിലെത്തുന്നത്. ദുബായ്-ഒമാൻ അതിർത്തിയായ ഹത്തയിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഒമാന്റെ പ്രകൃതി ഭംഗിയും ആതിഥ്യമര്യാദയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ പ്രധാന കാരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.