ദുബായ്: യുഎഇയിൽ രജിസ്റ്റർ ചെയ്ത ആദ്യ ഓട്ടോറിക്ഷ മലയാളി പ്രവാസി ജുലാഷ് ബഷീര്‍ സ്വന്തമാക്കി. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത 1985 മോഡൽ ക്ലാസിക് പിയാജിയോ ക്ലാസിനോ ഇപ്പോൾ ദുബായ് തെരുവുകളിൽ കാണാം. ക്ലാസിക് വാഹനങ്ങളോട് പ്രത്യേക അടുപ്പമുള്ള ജുലാഷ് മൂന്ന് മാസം മുമ്പാണ് മനോഹരമായ ഇറ്റാലിയൻ ത്രീ വീലർ സ്വന്തമാക്കിയത്.
ഷാർജയിലെ ഓൾഡ് കാർ ക്ലബ്ബിൽ രജിസ്റ്റർ ചെയ്തതിന് ശേഷം യുഎഇയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ ഓട്ടോ ഉടമയായിരിക്കുകയാണ് ജുലാഷ്. ക്ലാസിക് വാഹനങ്ങൾ ഷാർജ ഓൾഡ് കാർ ക്ലബ്ബിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. ഓട്ടോറിക്ഷയായതിനാൽ കാർ ലൈസൻസിനൊപ്പം ബൈക്ക് ലൈസൻസും രജിസ്ട്രേഷനായി സമർപ്പിക്കണം.
ഷാർജ ഓൾഡ് കാർ ക്ലബിൽ നിന്ന് കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം യുഎഇയിൽ സ്വതന്ത്രമായി വാഹനം ഓടിക്കാം. ഒരു വർഷമാണ് രജിസ്ട്രേഷൻ കാലാവധി. മണിക്കൂറിൽ 80 കിലോമീറ്ററാണ് ഓട്ടോയുടെ പരമാവധി വേഗത. യുഎഇയിലെ എക്സ്പ്രസ് വേയിൽ ഓട്ടോകൾക്ക് പ്രവേശിക്കാനാകില്ല. എന്നാൽ മറ്റ് റോഡുകളിൽ വാഹനം ഓടിക്കാൻ ബുദ്ധിമുട്ടില്ലെന്നും ജുലാഷ് പറഞ്ഞു.
ദുബായിലെ വ്യവസായിയായ ജുലാഷ് മുമ്പ് കേരളത്തിൽ നിന്ന് ടിവിഎസ് കമ്പനിയുടെ ഓട്ടോ ഇറക്കുമതി ചെയ്ത് രജിസ്‌ട്രേഷന് അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഇറ്റലിയിൽ നിന്ന് ക്ലാസിക് മോഡൽ പിയാജിയോ ക്ലാസ്സിനോവ് കൊണ്ടുവന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.