സാധാരണക്കാരിൽ സാധാരണക്കാരന്റെ നാട്ടുഭാഷയിൽ ഒരേ സമയം വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കഥാകൃത്ത്. മലയാള ഭാഷയുടെ ഏക സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 29 വയസ്. മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന കഥാകാരനാണ് ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ. ജീവിതത്തിന്റെ ഗഹനമായ യാഥാർത്ഥ്യങ്ങളെ ലളിതമായ ഭാഷയിൽ പറഞ്ഞ ബഷീർ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനാണ്. വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ സഞ്ചരിച്ച് ഒടുവിൽ ബേപ്പൂരിലെ മാങ്കോസ്റ്റിൻ തണലിൽ ഇരുന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓരോ സൃഷ്ടിയും മലയാളിയുടെ അഭിമാനമായി മാറി.
മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത ഭാഷയിൽ ജീവിതത്തിന്റെ എല്ലാ നോവുകളെയും വരച്ച് കടലാസിൽ ചിരിയുടെ മഷി പുരട്ടിയ പ്രതിഭ. ഭാഷയിലും ശൈലിയിലും എഴുത്തിന്റെ പുതിയൊരു ലോകമാണ് അദ്ദേഹത്തിലൂടെ മലയാളികൾക്ക് ലഭിച്ചത്. പ്രേമലേഖനം, ബാല്യകലസഖി, ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു, ആനവാരിയും പൊൻകുരിശും, വിശ്വവിഖ്യാതമായ മുക്ക്, അങ്ങനെ എത്രയെത്ര കൃതികൾ. അവയിൽ പലതും മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മതിലുകള്‍, നീലവെളിച്ചം തുടങ്ങിയ എഴുത്തുകൾ സിനിമകളായി.
അലക്കി പശ മുക്കി തേച്ചു പതിപ്പിച്ച ഭാഷയായിരുന്നില്ല അദ്ദേഹത്തിന്റേത്. ചെറുകഥകൾക്കും നോവലുകൾക്കും ലളിതവും നർമ്മവുമായ രചനാശൈലിയാണ് അദ്ദേഹം പൊതുവെ സ്വീകരിച്ചിരുന്നത്. എങ്കിലും വരികൾക്കിടയിൽ ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോൾ കടുത്ത പരിഹാസവും ഒളിപ്പിച്ചു വായനക്കാരെ ആഴത്തിലുള്ള ചിന്തകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ശൈലി അദ്ദേഹം ഉപയോഗിച്ചിരുന്നു. ഗുത്തിന ഹാലിട്ട ലിത്താപ്പോ.,ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം എന്നിങ്ങനെ ഒരു നിഘണ്ടുവിലും തപ്പിയാല്‍ കിട്ടാത്ത വാക്കുകളുടെ കൂമ്പാരം അദ്ദേഹത്തിനുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.