മരട് (കൊച്ചി) ∙ തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാർട്മെന്റിൽ മകന്റെ വെട്ടേറ്റു മരിച്ച കാഞ്ഞിരവേലിൽ അച്ചാമ്മയുടെ (71) ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. എറണാകുളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ‌്മോർട്ടം നടത്തി മൃതദേഹം ലേക്‌ഷോർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഓസ്ട്രേലിയൻ പൗരത്വമുള്ള മകൾ വിനീത എത്തിയതിനു ശേഷം സംസ്കാരം ചമ്പക്കര പള്ളിയിൽ. പ്രതിയായ മകൻ വിനോദ് ഏബ്രഹാമിനെ കോടതി റിമാൻഡ് ചെയ്തു.
സംഭവം നടന്ന അപ്പാർട്മെന്റ് ലക്ഷങ്ങൾ വിലമതിക്കുന്ന ഗൃഹോപകരണങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സീലിങ് ഫാനുകളുൾപ്പെടെ വളച്ചുമടക്കിയിട്ടിരിക്കുകയാണ് . അച്ചാമ്മയുടെ മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു വറുത്ത നിലയിലാണു കണ്ടെത്തിയത്. അതേസമയം, സംഭവം വഷളാക്കിയ മരട് എസ്ഐക്കെതിരെ നടപടി എടുക്കണമെന്നു നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, കൗൺസിലർ ഷീജ സാൻകുമാർ എന്നിവർ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് എസ‌്പിയെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








