കുണ്ടറ: വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ മാമൂടിനു സമീപത്തെ കുറ്റിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ഹോട്ടൽ ഉടമയുടെ മക്കളും ജീവനക്കാരനും തമ്മിൽ അടിപിടിയും കത്തിക്കുത്തും ചിക്കൻ കറിയിൽ ഉപ്പുകുറഞ്ഞതിന്റെ പേരിലുള്ള വാക്കേറ്റമാണ് അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചത് . തമിഴ്‌നാട്ടുകാർ ഉൾപ്പെടെ അഞ്ചുപേർക്കു പരിക്കേറ്റു. കമ്പിവടിക്ക് അടിയും കുത്തുമേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ, മുഹമ്മദ് അസർ, ഡ്രൈവർ റഷീദിൻ ഇസ്‌ലാം, തമിഴ്‌നാട് സ്വദേശികളായ പ്രിൻസ്, റോബിൻസൺ, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. കമ്പിവടികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോബിൻസണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രിൻസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവർ ഓർഡർ ചെയ്ത ചിക്കൻകറിക്ക് ഉപ്പില്ലെന്ന പരാതിയാണ് വാക്കേറ്റത്തിനു കാരണമായത്. പരാതികേട്ട ഹോട്ടൽ ജീവനക്കാരൻ ഉടമയുടെ മകൻ മുഹമ്മദ് ഷാഫിനിനെ വിളിച്ചുവരുത്തി. വാക്കേറ്റത്തിനിടെ ഷാഫിൻ, പ്രിൻസിനെ മർദിച്ചു. ഇതോടെ ഹോട്ടലിൽനിന്ന് പുറത്തുപോയ മൂവരും ഉടൻതന്നെ തിരിച്ചെത്തി ഹോട്ടൽ ജീവനക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു. കുണ്ടറ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








