തിരുവനന്തപുരം : ഗതാഗത നിയമം ലംഘിച്ചതിന് ഒരു മാസത്തിനിടെ 29 ജനപ്രതിനിധികളുടെ വാഹനങ്ങൾ എഐ ക്യാമറകളിൽ കുടുങ്ങി. 19 എംഎൽഎമാരും 10 എംപിമാരും കുടുങ്ങിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു എംപി 10 തവണയും ഒരു എംഎൽഎ ഏഴു തവണയും നിയമം ലംഘിച്ചു. 328 സർക്കാർ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇവരിൽ നിന്ന് പിഴ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. നിയമലംഘനം കണ്ടെത്തിയ ജനപ്രതിനിധികൾക്ക് നോട്ടീസ് അയക്കും. ആവശ്യമെങ്കിൽ ജനപ്രതിനിധികള്‍ക്ക് ഗതാഗത വകുപ്പ് ഓഫീസുകളിൽ അപ്പീൽ നൽകാം. അല്ലാത്തപക്ഷം അടുത്ത ദിവസം തന്നെ പിഴ അടയ്‌ക്കേണ്ടി വരും.
എഐ ക്യാമറ വന്നാലും വിഐപി വാഹനങ്ങള്‍ നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കില്ലെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഒരുമാസത്തെ നിയമലംഘനത്തിന്റെ കണക്കാണ് മന്ത്രി പുറത്തുവിട്ടത്. എന്നാല്‍ എംപിമാരുടെയോ എംഎല്‍എമാരുടെയോ പേര് മന്ത്രി പറഞ്ഞിട്ടില്ല. കാസര്‍കോട് കേന്ദ്രീകരിച്ചുള്ള റോഡിലാണ് നിയമലംഘനം കൂടുതല്‍ ആയി ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
എഐ കാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2022 ജൂലൈയില്‍ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കി. 25 കോടി 81 ലക്ഷം രൂപ ഇ ചലാന്‍ വഴി കിട്ടിയതായും മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








