തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി. ഏകപക്ഷീയവും തിടുക്കത്തിലുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കുമെന്ന് ഈ സഭ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ഭേദഗതി അംഗീകരിച്ചാണ് പ്രമേയം പാസാക്കിയത്.
കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സിവിൽ കോഡ് നടപ്പാക്കാവൂ എന്ന പ്രമേയത്തിലെ വാചകം മാറ്റണമെന്ന് സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടു. ചർച്ചയുടെ ആവശ്യമില്ലെന്നും യുസിസി നടപ്പാക്കരുതെന്നും ഷംസീർ പറഞ്ഞു. ഏക സിവിൽ കോഡ് ഒരു കാരണവശാലും നടപ്പാക്കരുതെന്നും ഭേദഗതി വരുത്തണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു.
പ്രമേയം കൊണ്ടുവന്ന നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ആദ്യം പറഞ്ഞിരിക്കുന്ന പോലെ അവസാനവും കൃത്യത വേണമെന്നും സതീശൻ പറഞ്ഞു. ചർച്ചകൾക്ക് ശേഷമേ നടപ്പാക്കാവു എന്ന വാചകം മാറ്റണം. എല്ലാവർക്കും ഒരേ നിലപാടാണെന്ന് കരുതുന്നുവെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഈ തിരുത്തലോടെയാണ് പ്രമേയം പാസാക്കിയത്.
മതനിരപേക്ഷ പ്രതീകങ്ങളെ തകർക്കുകയാണ് സംഘപരിവാർ ലക്ഷ്യം. ഏക സിവിൽ കോഡ് വേണമോ വേണ്ടയോ എന്ന കാര്യമല്ല സംഘപരിവാർ ചർച്ചയാക്കുന്നത്. ഭരണഘടനയിൽ പറയുന്ന സിവിൽ കോഡ് അല്ല സംഘപരിവാറിന്റെ മനസ്സിലുള്ളത്. ഭരണഘടനയെ അംഗീകരിക്കില്ല എന്ന് പറഞ്ഞവരാണ് സംഘപരിവാർ. ഭരണഘടനയെ തള്ളിപ്പറഞ്ഞവരാണ് സംഘപരിവാർ. അതുപോലെ നാടിനെ പുനഃക്രമീകരിക്കുകയാണ് ലക്ഷ്യം. സംഘപരിവാറിന്റെ ഭരണഘടന മനുസ്മൃതിയാണ്. സംഘപരിവാർ എപ്പോഴും നടത്തുന്നത് ഭരണഘടനക്കെതിരായ നീക്കമാണ്. അവരുടെ വിവിധ പട്ടികകളിൽ ഒന്നുമാത്രമാണ് ഏക സിവിൽ കോഡെന്നും മുഖ്യമന്ത്രി പ്രമേയാവതരണത്തിൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








