എല്ലാ മാസവും ആര്‍ത്തവത്തിന് മുന്‍പ് സ്തനത്തിന് വേദന ചില സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുണ്ട്. വേദനയ്ക്കൊപ്പം സ്തനങ്ങളില്‍ തൊടുമ്പോൾ ചെറിയ മുഴ പോലെ ഒരു തടിപ്പും തോന്നാം. സ്തനങ്ങള്‍ക്ക് വരുന്ന അത്ര ഗുരുതരമല്ലാത്ത ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസ് എന്ന രോഗമാണ് ഇത്. ആര്‍ത്തവത്തിന് തൊട്ട് മുന്‍പ് പൊതുവേ കാണപ്പെടാറുള്ള ഈ അവസ്ഥ ആര്‍ത്തവ ശേഷം തനിയെ മാറാറുണ്ട്.
സ്തനകോശങ്ങള്‍ക്കുണ്ടാകുന്ന തടിപ്പ്, സ്തനങ്ങളില്‍ നിന്നുള്ള പച്ചയോ, തവിട്ടോ നിറത്തിലുള്ള രക്തമയമില്ലാത്ത സ്രവം, രണ്ട് സ്തനങ്ങളിലും ഒരു പോലെയുണ്ടാകുന്ന ചില മാറ്റങ്ങള്‍, വേദന എന്നിവയെല്ലാമാണ് ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസിന്‍റെ ലക്ഷണങ്ങള്‍. ഫൈബ്രോസിസ്റ്റിക് സ്തനകോശങ്ങള്‍ മൈക്രോസ്കോപ്പില്‍ വച്ച് പരിശോധിച്ചാല്‍ അവയില്‍ ദ്രാവകം നിറഞ്ഞ അറകളോ, പാലുൽപാദിപ്പിക്കുന്ന കോശപാളികളില്‍ കോശങ്ങളുടെ അമിതവളര്‍ച്ചയോ പാലുൽപാദിപ്പിക്കുന്ന ഗ്രന്ഥികളുടെ വീക്കമോ കാണപ്പെടാറുണ്ട് . അതിനാൽ ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസ് സ്തനാര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
സ്തനത്തിനോ മുലക്കണ്ണിനോ ഉണ്ടാകുന്ന വേദന മാത്രമായി സ്തനാര്‍ബുദ ലക്ഷണമായി കണക്കാക്കപ്പെടുന്നില്ല. സ്തനങ്ങളില്‍ മുഴ, സ്തനത്തിനും തോളെല്ലിനും കക്ഷത്തിനും ചുറ്റിലും വീക്കം, ചുവപ്പ്, വരണ്ട ചര്‍മം, മുലക്കണ്ണുകള്‍ ഉള്ളിലേക്ക് പോകല്‍, മുലകളില്‍ നിന്നുള്ള സ്രവം എന്നിവയെല്ലാമാണ് സ്തനാർബുദ ലക്ഷണങ്ങള്‍. സാധാരണ ഗതിയില്‍ ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് മാറ്റങ്ങളെ ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ സ്ഥിരമായി മുഴയോ തടിപ്പോ തുടരുകയോ സ്തനങ്ങളിലെ വേദന മാറാതിരിക്കുകയോ ചെയ്താല്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.