മലപ്പുറം: തുവ്വൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള നാലംഗസംഘം കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം പുറത്തെടുത്തു. കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം ഇന്നു രാവിലെയാണ് പുറത്തെടുത്തത്. പത്തുദിവസത്തോളം പഴക്കമുള്ള മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയനിലയിലാണ് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വിഷ്ണുവും സഹോദരങ്ങളും ഇവരുടെ സുഹൃത്തായ ഷഹദും ചേര്‍ന്നാണ് സുജിതയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ ഇത് ജൂവലറിയില്‍ വിറ്റ് പണം പങ്കിട്ടെടുത്തെന്നും പോലീസ് പറഞ്ഞിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും സുജിത കൊല്ലപ്പെട്ടതും മൃതദേഹം കുഴിച്ചിട്ടതും വിഷ്ണുവിന്റെ അച്ഛന്‍ അറിഞ്ഞിരുന്നു. ഇതിനാലാണ് ഇയാളെയും കേസില്‍ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. പി.എച്ച്.സി.യിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഓഫീസില്‍നിന്നിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. സുജിതയ്ക്കായുള്ള തിരച്ചിലിന് പൊതുപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിഷ്ണവും മുന്‍നിരയിലുണ്ടായിരുന്നു. ഓഗസ്റ്റ് 11-ന് തന്നെ സുജിതയെ കാണാനില്ലെന്ന വിവരം വിഷ്ണു വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം പങ്കുവെച്ചു. ഓഗസ്റ്റ് 14-ാം തീയതി ഫെയ്‌സ്ബുക്കിലും സമാന പോസ്റ്റ് ഷെയര്‍ ചെയ്തു. എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നായിരുന്നു വിഷ്ണുവിന്റെ അഭ്യര്‍ഥന.
കാണാതായ സുജിതയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളും യുവതിയെ കൊന്ന് കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ വിഷ്ണു ജൂവലറിയില്‍ വില്‍പ്പന നടത്തിയതുമാണ് ദുരൂഹതനിറഞ്ഞ തിരോധാനക്കേസില്‍ വഴിത്തിരിവായത്. സുജിത അവസാനം വിളിച്ചത് വിഷ്ണുവിനെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ സ്വിച്ച് ഓഫ് ആയത് പഞ്ചായത്ത് ഓഫീസിനും ഇയാളുടെ വീടിനും അടുത്തുവെച്ചാണെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിഷ്ണുവില്‍നിന്ന് പോലീസ് മൊഴിയെടുത്തു. ഇതിനിടെയാണ് പ്രതി ചില സ്വര്‍ണാഭരണങ്ങള്‍ ജൂവലറിയില്‍ വിറ്റതായി പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സുജിതയെ കൊന്ന് കുഴിച്ചിട്ടതാണെന്ന വിവരം പുറത്തറിഞ്ഞത്. അതെ സമയം ഓഗസ്റ്റ് 11-ാം തീയതി രാവിലെ ഓഫീസില്‍നിന്നിറങ്ങിയ സുജിത വിഷ്ണുവിന്റെ വീട്ടിലേക്കാണ് പോയതെന്നാണ് പോലീസ് പറയുന്നത്. ഓഫീസില്‍നിന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് പോകാനിടയായ കാരണം എന്താണെന്നറിയില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും എസ്.പി. പറഞ്ഞിരുന്നു.
യുവതി വീട്ടിലേക്ക് വരുന്നകാര്യം വിഷ്ണു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അറിവുണ്ടായിരുന്നു. യുവതിയെ കാത്ത് വിഷ്ണു വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഈ സമയം മറ്റുപ്രതികളും പുറത്ത് കാത്തിരിക്കുകയായിരുന്നു. വീടിനുള്ളില്‍വെച്ച് വിഷ്ണു യുവതിയെ കണ്ടു. ഈ സമയം മറ്റുപ്രതികളും വീട്ടിലേക്ക് കടന്ന് യുവതിയെ ആക്രമിച്ചു. ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബോധംകെട്ട് നിലത്തുവീണു. തുടര്‍ന്ന് കഴുത്തില്‍ കയര്‍ കുരുക്കി ജനലില്‍ കെട്ടിവലിക്കുകയായിരുന്നു. ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഇതിനിടെ, യുവതിയുടെ സ്വര്‍ണാഭരണങ്ങളും പ്രതികള്‍ കവര്‍ന്നു. ഉച്ചയോടെ വിഷ്ണുവാണ് സ്വര്‍ണാഭരണം പണയംവെക്കാനായി കൊണ്ടുപോയത്. ഇതിന്റെ പണം ഇയാള്‍ മറ്റുപ്രതികള്‍ക്കും വീതിച്ചുനല്‍കി. അന്നേദിവസം അര്‍ധരാത്രിയോടെയാണ് മൃതദേഹം മറവുചെയ്തത്. വീടിന്റെ പിറകില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയുണ്ടായിരുന്നു. അത് വലുതാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം അവിടെ മണ്ണിട്ട് നികത്തി. ഹോളോബ്രിക്സുകളും മെറ്റലും എം.സാന്‍ഡും അവിടെ നിരത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിര്‍മാണപ്രവൃത്തി നടത്താനായിരുന്നു പ്രതികളുടെ പദ്ധതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








