പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടിപോയ പോലീസ് വാഹനം ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗവും നടനുമായ കൃഷ്ണകുമാറിന്റെ കാറില്‍ മനഃപൂര്‍വ്വം ഇടിപ്പിച്ചതായി പരാതി. പത്തനംതിട്ട പന്തളത്തുവെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മോശമായി പെരുമാറിയെന്നും നടന്റെ പരാതിയില്‍ പറയുന്നു.ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കൊപ്പം പുതുപ്പള്ളിയില്‍ എന്‍.ഡി.എയുടെ പ്രചാരണ പരിപാടികള്‍ക്കായി പോവുകയായിരുന്നു കൃഷ്ണകുമാര്‍.
മുഖ്യമന്ത്രിക്ക് അകമ്പടി പോയ വാഹനത്തിന് സൈഡ് കൊടുത്തിട്ടും കാറിന്റെ വലതുപുറകുവശത്ത് മനഃപൂര്‍വ്വം ഇടിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. പോലീസുകാര്‍ അസഭ്യമായി സംസാരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
എല്ലാവരേയും ചീത്തവിളിച്ചാണ് അകമ്പടി വാഹനം വന്നുകൊണ്ടിരുന്നതെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു. വണ്ടി പിന്നില്‍നിന്ന് ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചു. കാറിനകത്ത് ബി.ജെ.പിയുടെ കൊടി കണ്ട് അവര്‍ക്ക് അസഹിഷ്ണുതയായിരുന്നു. അവര്‍ ചീത്തവിളിക്കുമ്പോള്‍ തിരിച്ചുചീത്തവിളിക്കാന്‍ അറിയാഞ്ഞിട്ടല്ല, പേടിച്ചിട്ടുമല്ല. മൊത്തം പോലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാക്കിക്കകത്തെ കാപാലികരും ഗുണ്ടകളുമാണിവര്‍. അതുകൊണ്ടാണ് ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
‘രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിര്‍ക്കാം. എന്നാല്‍ ഇത്തരം ഗുണ്ടാ പ്രവര്‍ത്തികളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും ഒരിക്കലും നിലനില്‍ക്കില്ല. ഇത് ഈ പാര്‍ട്ടിയുടെ തന്നെ അന്ത്യംകുറിക്കാന്‍ പോകുന്ന നടപടികളുടെ തുടക്കമാണ്’, കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








