ആലുവ ചാത്തന്‍പുറത്ത് എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവുമായി അടുത്ത ബന്ധമുള്ളയാളെന്ന് ദൃക്സാക്ഷി. പുലർച്ചെ 2.15-ഓടെ കുട്ടിയുടെ കരച്ചില്‍ കേട്ടതായും ജനല്‍ തുറന്ന് നോക്കുമ്പോള്‍ ഒരാൾ കുട്ടിയുമായി പോകുന്നതാണ് കണ്ടതെന്നും സമീപവാസികളിലൊരാളായ സുകുമാരൻ പറയുന്നു. കുട്ടിയെ പ്രതി മർദിക്കുന്നുമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ലൈറ്റിട്ട് ഭാര്യയുമായി പുറത്തിറങ്ങി. അയല്‍വാസികളെ വിവരമറിയിച്ചു. എല്ലാവരും കൂടിയാണ് കുട്ടിയേയും ഇയാളെയും അന്വേഷിച്ചിറങ്ങിയത്. സമീപ പ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ നിൽക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നത്. കണ്ടെത്തുമ്പോൾ പരിക്കേറ്റ് ചോരയൊലിപ്പിച്ചിരുന്ന കുട്ടി വിവസ്ത്രയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. ഹിന്ദിയിലായിരുന്നു സംസാരിച്ചത്. കുട്ടിയോട് വിവരം തിരക്കി വീട്ടിലെത്തിച്ചു. കുട്ടിയെ കാണാതായത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ജനലിൽ തട്ടി ബഹളം വെച്ച ശേഷമാണ് വീട്ടുകാർ ഉണർന്നത്-
പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമീപത്തെ പാടത്തു വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








