കോഴിക്കോട് യുവതിയെയും കുടുംബത്തെയും മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. നടക്കാവ് സ്റ്റേഷനിലെ എസ്.ഐ. വിനോദ്കുമാറിനെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികളുണ്ടാകും.
ശനിയാഴ്ച അര്‍ധരാത്രി കൊളത്തൂരില്‍വെച്ചാണ് കാര്‍യാത്രികരായ യുവതിയെയും കുടുംബത്തെയും എസ്.ഐ. മര്‍ദിച്ചത്. യുവതിയും കുടുംബവും ബന്ധുവീട്ടില്‍നിന്ന് കാറില്‍ മടങ്ങുന്നതിനിടെ എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുള്ളവരുമായി സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്നവരാണ് എസ്.ഐ. വിനോദ്കുമാറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ബൈക്കില്‍ സഹോദരനൊപ്പം സ്ഥലത്തെത്തിയ വിനോദ്കുമാര്‍ യുവതിയെയും കുടുംബാംഗങ്ങളെയും കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറക്കി മര്‍ദിച്ചെന്നാണ് പരാതി.
മദ്യലഹരിയില്‍ സ്ഥലത്തെത്തിയ എസ്.ഐ. യുവതിയെ ചവിട്ടിയെന്നും കൈയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചെന്നുമാണ് ആരോപണം. എസ്.ഐ.യുടെ ഒപ്പംവന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നും ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും 11 വയസ്സുള്ള കുട്ടിക്കും പരിക്കേറ്റതായും പരാതിയിലുണ്ട്. സംഭവത്തില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാക്കൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








