പാലക്കാട് : ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ യുവതിയടക്കം മൂന്നുപേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റുചെയ്തു. എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവൽ (25), ഇയാളുടെ പെൺസുഹൃത്ത് കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം താമസിക്കുന്ന ഫാത്തിമ (24), കവർച്ചയുടെ മുഖ്യസൂത്രധാരനെന്നുകരുതുന്ന പാലക്കാട് താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻറിൽ താമസിക്കുന്ന വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. അകത്തേത്തറ സ്വദേശിനി ഗായത്രിയുടെ മൂന്നേകാൽ പവന്റെ മാല കവർന്ന കേസിലാണ് ഇവർ വലയിലായത്. ജില്ലയിൽ ബൈക്കിലെത്തി മാലമോഷ്ടിച്ച സംഭവത്തിൽ യുവതി ഉൾപ്പെട്ട ആദ്യകേസാണിതെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 24-ന് വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദ സംഭവം. ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെയാണ് കല്പാത്തി ചാത്തപുരത്തുവെച്ച് സ്കൂട്ടറിലെത്തിയ ഇമ്മാനുവലും ഫാത്തിമയും ഗായത്രിയുടെ മാല കവർന്ന് രക്ഷപ്പെട്ടത്. സന്ധ്യയ്ക്കാണ് സംഭവം നടന്നത് .ഇരുട്ടായതിനാൽ, സമീപത്തെ കടകളിൽനിന്നും വീടുകളിൽനിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് കാര്യമായ സൂചനയൊന്നും ലഭിച്ചില്ല. എന്നാൽ, ഒരുദൃശ്യത്തിൽ ഈമേഖലയിൽ സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന നീല സ്കൂട്ടർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
ടൗണിലെ പ്രധാന നിരീക്ഷണ ക്യാമറകളിലൊന്നും സംഘത്തിന്റെ ദൃശ്യങ്ങൾ പെടാത്തത് അന്വേഷണം കൂടുതൽ ദുഷ്കരമാക്കി. ഇതോടെ, കവർച്ച നടന്നതിനുമുമ്പുള്ള പകൽസമയ ദൃശ്യങ്ങൾക്കായി പോലീസ് ശ്രമമാരംഭിച്ചു. വീടുകളിൽനിന്നടക്കം 200-ഓളം ദൃശ്യങ്ങൾ ശേഖരിച്ചു. കവർച്ച നടത്തിയവർ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇടവഴികളിലൂടെമാത്രം സഞ്ചരിച്ചാണ് കല്പാത്തിയിലെത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. കല്ലടിക്കോട് ഭാഗത്തുനിന്നും ടൗണിലെ ഒരു ക്യാമറയിൽനിന്നും വ്യക്തതയുള്ള ചിത്രങ്ങൾ ലഭിച്ചു. ദമ്പതിമാരെന്ന രീതിയിൽ സഞ്ചരിച്ചാൽ സംശയിക്കില്ലെന്ന തിരിച്ചറിവാണ് കവർച്ചയ്ക്കുശേഷം രക്ഷപ്പെടാൻ ഫാത്തിമയ്ക്കും ഇമ്മാനുവലിനും സഹായകരമായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ നമ്പറിൽ ചെറിയ മാറ്റംവരുത്തിയത് മറ്റൊരു ക്യാമറയിലെ ദൃശ്യത്തിൽനിന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിവിധകേസുകളിൽ പ്രതികളായ ഇരുവരും ദമ്പതിമാരെന്നപേരിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇരുവരും വേറെ വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








