കോഴിക്കോട് : ഇന്നലെ നിപ പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകളും നെഗറ്റീവാണ്. ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.
നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ മൊബൈൽ ലൊക്കേഷൻ വഴി സമ്പർക്ക പട്ടിക കണ്ടെത്താൻ പോലീസിന്റെ സഹായം തേടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അപകടസാധ്യതയുള്ള കോൺടാക്റ്റ് ലിസ്റ്റിലുള്ള 15 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു. എൻഐവി പൂനെയുടെ മൊബൈൽ ടീം തയ്യാറാണ്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ടീമും വരുന്നു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. മരുന്നുകളുടെയും സുരക്ഷാ സാമഗ്രികളുടെയും അധിക വിതരണം ഉറപ്പാക്കാൻ കെഎംഎസ്‌സിഎല്ലിന് നിർദേശം നൽകിയിട്ടുണ്ട്.
നിപ സര്‍വയലന്‍സിന്റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെ ട്രെയിസ് ചെയ്തു. ആകെ 950 പേരാണ് നിപ സമ്ബര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 213 പേരാണ് ഹൈ റിസ്‌സ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്ബര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്ബര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പോസ്റ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.
എക്‌സ്‌പേര്‍ട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ടെലി മനസിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ഹൈ റിസ്‌കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കിയെന്നും മന്ത്രി അറിയിച്ചു.
മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് അവലോകന യോഗം ചേര്‍ന്നത്. നാളെ വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര സംഘവും സന്ദര്‍ശനം നടത്തി വരുന്നു. കേന്ദ്രസംഘം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.