പത്തനംതിട്ട: വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പു കേസുകളില്‍ അഖില്‍ സജീവ് പ്രതിയാണെന്നും വിശദമായ അന്വേഷണം ആവശ്യമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു.
സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവിൽ അഖില്‍ സജീവന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിയമനക്കോഴയുടെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ സജീവിന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും അഖിൽ പറഞ്ഞിട്ടുണ്ടെങ്കിലും മൊഴികൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാരനായ ഹരിദാസൻ ഒളിവിൽ പോയെന്നും കന്റോൺമെന്റ് പൊലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.