കോഴിക്കോട്∙ വെസ്റ്റ്ഹിൽ വിക്രം മൈതാനിക്ക് സമീപമുള്ള കാർ ഡീറ്റൈയിലിങ് സ്ഥാപനത്തിൽനിന്നും 45 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ മോഷ്ടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. പേരാമ്പ്ര സ്വദേശികളായ അഫ്നാജ് (24), മുഹമ്മദ് ഹിഷാൻ (21) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡീറ്റൈയിലിങ് സ്ഥാപനത്തിൽ ഇന്റീരിയർ വർക്കിനും പോളിഷിങ്ങിനുമായി ഏൽപ്പിച്ചിരുന്ന വാഹനവുമായി വെള്ളിയാഴ്ച പുലർച്ചെയാണ് പ്രതികൾ കടന്നത്. സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി, മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്താണ് വാഹനം സ്റ്റാർട്ട് ചെയ്തത്. കൂടാതെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക്കും മറ്റു വില പിടിപ്പുള്ള സാധനങ്ങളും ഇവർ മോഷ്ടിച്ചു. വാഹനത്തിന്റെ നമ്പർ പ്ലെയിറ്റ് മാറ്റി, പൊളിച്ചുവിൽക്കുന്നതിനു വേണ്ടി സംസ്ഥാനം വിടുന്നതിനുള്ള ശ്രമത്തിനിടെ പേരാമ്പ്രയിൽവച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായി കീഴടക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.