പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. നവകേരള സദസിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും കണ്ടിട്ടുണ്ടെന്നും യൂത്ത് കോണ്‍ ഗ്രസിന്റെ പ്രതാപകാലത്ത് തനിക്ക് ഭയമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് മറുപടിയുമായി വിടി ബൽറാം രംഗത്തെത്തി.
‘അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും. അല്ലെങ്കിൽ അന്നേ രണ്ടും കൂടി ഒരുമിച്ച് തള്ളാമായിരുന്നു’- വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
മുഖ്യമന്ത്രി ഭീരുവാണ് എന്ന വി ഡി സതീശന്റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയൻ നവകേരള സദസിൽ മറുപടി പറഞ്ഞത്. ‘നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന് ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തിൽ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പോയതാണ്. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ’ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.