അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്‍പമാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തത്. വോട്ടെടുപ്പിലൂടെ രാജ്യത്തെ പ്രമുഖ ശിൽപി അരുണ്‍ ‘യോഗിരാജ് തയാറാക്കിയ രാമ വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
ജനുവരി 22ന് ഉച്ചയ്ക്ക് 12.20നാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠാചടങ്ങ് നടക്കുന്നത്. രാമവിഗ്രഹം നിർമിച്ച ശിൽപി അരുൺ യോഗിരാജിനെ അഭിനന്ദിച്ചുകൊണ്ട് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയും രംഗത്തെത്തി. സംസ്ഥാനത്തെ മുഴുവൻ രാമഭക്തർക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് യെഡിയൂരപ്പ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഗണേഷ് ഭട്ട്, അരുണ്‍ യോഗിരാജ്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശില്‍പങ്ങളാണ് അന്തിമഘട്ടത്തില്‍ പരിഗണിച്ചത്. അഞ്ചു വയസ് പ്രായമുള്ള ഉപനയനത്തിനു തൊട്ടുമുന്‍പുള്ള ബാലരൂപത്തിലെ ശ്രീരാമന്‍റെ വിഗ്രഹമാണ് പ്രാണപ്രതിഷ്ഠ നടത്തുക. 51 ഇഞ്ച് ഉയരം. കൃഷ്ണശിലയിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്. കേദാര്‍നാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിന്‍റെയും ശില്‍പങ്ങള്‍ തയ്യാറാക്കിയത് അരുണ്‍ യോഗിരാജാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.