കൽപ്പറ്റ: ജുനൈദ് കൈപ്പാണിയുടെ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ ഓൺലൈനായി നിർവഹിച്ചു. മുട്ടിലിൽ നടന്ന ചടങ്ങിൽ ഓഫ് ലൈൻ പ്രകാശനം വയനാട് ജില്ലാ പോലീസ് മേധാവിയും മുൻ സംസ്ഥാന പോലീസ് ഹെഡ് ക്വാർട്ടേഴ്സ് അഡീഷണൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസുമായ ടി. നാരായണൻ ഐ.പി.എസ് നിർവഹിച്ചു. ഡോ. ടി.എം. തോമസ് ഐസക് ആണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്.ഏഷ്യൻ ഗ്രാഫാണ് പ്രസാധകർ. മാർച്ച് രണ്ടാം വാരം പുസ്തകം പ്രകാശനം ചെയ്യപ്പെടും.
ക്ഷേമ പ്രവർത്തനങ്ങളും വികസന വിഷയങ്ങളും തൊട്ടറിയാൻ വയനാട് ജില്ലയിലുടനീളം സഞ്ചരിച്ച് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആകെയുള്ള 582 ജനപ്രതിനിധികളേയും നേരിൽ കണ്ട് നടത്തിയ അഭിമുഖത്തിന്റെയും സംവാദത്തിന്റെയും വെളിച്ചത്തിൽ ഗ്രന്ഥകാരൻ തയ്യാറാക്കിയ പഠനരേഖയാണിത്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേധിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരൻ കൃതിയിലൂടെ ചെയ്യുന്നത്. കേരളത്തിലെ പ്രമുഖരായ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യ രംഗത്തെ വ്യക്തികൾ കവർ പ്രകാശനത്തിൽ ഓൺലൈനായി പങ്കെടുത്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.കെ.ബാലസുബ്രഹ്മണ്യൻ റെജീന വി.കെ, സലീന. കെ.എം തുടങ്ങിയവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.