കോഴിക്കോട്: റംസാൻ, ഈസ്റ്റർ, വിഷു വിപണികൾ പ്രതീക്ഷിച്ച് ഇതര സംസ്ഥാന ലോബികൾ ഇറച്ചിക്കോഴികൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ചതോടെ ജില്ലയിൽ കോഴിവില കുതിക്കുന്നു. കിലോയ്ക്ക് 180 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിയിറച്ചി ഇപ്പോൾ 250 രൂപയിലെത്തി.രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് 70 രൂപ വർധിച്ചു. എവിടെയും ഏകീകൃത വിലയില്ല.
റംസാൻ സീസണിൽ കോഴിയിറച്ചിക്ക് ആവശ്യക്കാർ കൂടുതലായതിനാൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് പരമാവധി ലാഭം കൊയ്യാനാണ് തമിഴ്നാട് ലോബിയുടെ നീക്കമെന്ന് വ്യാപാരികൾ ആരോപിക്കുന്നു. കോഴത്തീറ്റയ്ക്കും അനുബന്ധ വസ്തുക്കളുടെയും വിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കാര്യമായ വർധനയുണ്ടായിട്ടില്ല. എന്നിട്ടും ഫാമുകളിൽ കോഴിവില കുതിച്ചുയരുകയാണ്.
കോഴിയിറച്ചിയുടെ ലഭ്യതക്കുറവാണ് വില കൂടാൻ കാരണമെന്ന് ഫാമുകാർ പറയുന്നത്. ഉൽപ്പാദനച്ചെലവിൻ്റെ രണ്ടിരട്ടി വിലയ്ക്കാണ് അവർ വിൽപ്പന നടത്തുന്നത്. ബന്ധപ്പെട്ട അധികാരികൾ മൗനം വെടിഞ്ഞ് പൂഴ്ത്തിവെപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോഴിക്കച്ചവട സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതിഷേധ സമരത്തിലേക്കും അനിശ്ചിതകാല കട അടച്ചിടൽ സമരത്തിലേക്കും നീങ്ങേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ കിണാശേരി, ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറര്‍ സി.കെ. അബ്ദുറഹ്മാന്‍ മറ്റ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.