കോഴിക്കോട്: വേനൽച്ചൂടിൽ നീരുറവകൾ പോലും വറ്റി. വേനല്‍മഴയും മാറി നിന്നതോടെ ജില്ലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമായി. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളെല്ലാം അതിവേഗം വറ്റിവരളുകയാണ്.
ചാലിയാർ, ഇരുവഞ്ഞിപ്പുഴ, കുറ്റ്യാടി പുഴ, പൂനൂർ പുഴ തുടങ്ങി പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. മലയോര മേഖലകളിൽ വെള്ളമില്ലാതെ പുഴകളെല്ലാം കൽക്കൂമ്പാരങ്ങളായി മാറി. അതിൻ്റെ മിക്ക കൈവഴികളും തോടുകളും നദികളും മിക്കതും വറ്റിയിരിക്കുന്നു. പുഴയുടെ തീരത്തെ കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങി. ഇതോടെ മിക്കവരും കുളിക്കാനും അലക്കാനും പുഴയിൽ എത്തുകയാണ്.
ജലനിരപ്പ് താഴ്ന്നതിനാൽ ബണ്ടുകളും മറ്റും നിർമിച്ചാണ് പുഴകളിൽ വെള്ളം തടഞ്ഞുനിർത്തുന്നത്.
മലയോരമേഖലയിലെ ജലജീവൻ പദ്ധതിയിൽ വീടുകൾക്ക് മുന്നിൽ മാസങ്ങൾക്കുമുമ്പ് പൈപ്പുകളും ടാപ്പുകളും സ്ഥാപിച്ചിരുന്നു. എന്നാൽ വെള്ളം ലഭ്യമല്ല. മിക്കയിടങ്ങളിലും പെപ്പിടല്‍ ഉൾപ്പെടെയുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. എന്നാൽ വെള്ളം കിട്ടാൻ വേനൽ കടക്കണം. മലയോര മേഖലകളിൽ ഭൂരിഭാഗം കുടുംബങ്ങളും പറമ്പിലെ ഉറവകളിൽ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്.
ഇതാണ് ഒന്നടങ്കം വറ്റിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതാണ് ആശ്വാസം. സാധാരണയായി മാർച്ച് പകുതിയോടെയാണ് വെള്ളം ഇറങ്ങാൻ തുടങ്ങുന്നത്.
എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ തന്നെ വെള്ളം ഇറങ്ങി. ജില്ലയിൽ താപനില 37 ഡിഗ്രി വരെയാണ് ഉയരുന്നത്. രൂക്ഷമായ ജലക്ഷാമം കൃഷിയെയും ബാധിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും നനച്ചിരുന്നവർ ഒറ്റത്തവണയായി കുറച്ചു. കിണറുകൾ വറ്റിയതോടെ മലയോരമേഖലയിൽ ജലക്ഷാമം രൂക്ഷമാണ്. വേനൽമഴ പെയ്തില്ലെങ്കിൽ മലയോര മേഖലകളിൽ കടുത്ത ജലക്ഷാമം നേരിടും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.