കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മൂന്ന് മലയാളികളും. ഇസ്രായേലി കോടീശ്വരൻ്റെ ചരക്ക് കപ്പലിൽ ആകെ 25 ജീവനക്കാരാണുള്ളത്.
ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്ബത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട്ടുകാരനായ പിവി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളി ജീവനക്കാർ. ലക്ഷദീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് വിരമിച്ച രാമനാട്ടുകര സ്വദേശി പി. വി. വിശ്വനാഥന്റെ മകനാണ് ശ്യാംനാഥ്.
തേര്‍ഡ് ഓഫീസറായി പ്രവർത്തിക്കുന്ന പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32) നാലുമാസം മുമ്ബാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്ബനിയുടെ കപ്പലില്‍ ജോലിക്കായി പ്രവേശിക്കുന്നത്. രണ്ടുമാസം കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങിവരാനിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കപ്പലിലെ സെക്കന്‍ഡ് ഓഫീസറായ പി.വി. ധനേഷ് വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് സ്വദേശിയാണ്. എട്ടുമാസം മുമ്ബാണ് ധനേഷ് വീട്ടില്‍നിന്നും ജോലിക്കായി പോയത്.
ശനിയാഴ്ചയാണ് കപ്പല്‍ ഇറാന്‍ സേന പിടിച്ചെടുക്കുന്നത്. അർദ്ധസൈനിക റെവല്യൂഷണറി ഗാർഡിലെ അംഗങ്ങള്‍ ഒരു ഹെലികോപ്റ്ററില്‍ നിന്ന് ഹോർമുസ് കടലിടുക്കിന് സമീപത്ത് കൂടെ പോകുകയായിരുന്ന എംഎസ്‌സി ഏരീസിലേക്ക് കടന്ന് കയറുകയായിരുന്നു. സർക്കാർ നടത്തുന്ന ഐആർഎൻഎ വാർത്താ ഏജൻസിയുടെ അഭിപ്രായത്തില്‍ കപ്പല്‍ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കൊണ്ടുപോകുകയാണ്.
വിമാനത്തില്‍ 17 ഇന്ത്യൻ പൗരന്മാരുണ്ടെന്നും ഇന്ത്യക്കാരുടെ സുരക്ഷ, ക്ഷേമം, വേഗത്തിലുള്ള മോചനം എന്നിവയ്ക്കായി ഉദ്യോഗസ്ഥർ ടെഹ്‌റാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. “എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പല്‍ ഇറാൻ നിയന്ത്രണത്തിലാക്കിയതായി ഞങ്ങള്‍ക്കറിയാം. കപ്പലില്‍ 17 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, വേഗത്തിലുള്ള മോചനം എന്നിവ ഉറപ്പാക്കുന്നതിന് നയതന്ത്ര മാർഗങ്ങളിലൂടെ ഞങ്ങള്‍ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെട്ടിരിക്കുന്നു.” ഇന്ത്യന്‍ സർക്കാർ വ്യത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ സിറിയയിലെ ഡമാസ്‌കസിലെ ഒരു ഇറാനിയൻ കോണ്‍സുലർ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിർന്ന ഗാർഡ് ജനറല്‍ ഉള്‍പ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കപ്പല്‍ പിടിച്ചെടുത്തത് ഉള്‍പ്പെടേയുള്ള നടപടികള്‍. അതേസമയം, ഇസ്രായേലിനെതിരെ ഇന്നലെ രാത്രിയോടെ ഇറാന്‍ നടത്തിയ ആക്രമണം സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
വന്‍ തോതിലുള്ള മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. ആക്രമണത്തില്‍ ഇസ്രായേലിന്റെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്‍റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം ആക്രമിച്ചതെന്ന് ഇറാന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.