കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടനത്തിന് പോകാന്‍ 251 പേര്‍ക്കുകൂടി അവസരം. ഇതോടെ സംസ്ഥാനത്തുനിന്ന് ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണം 18,019 ആയി. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന സീറ്റുകളാണ് സംസ്ഥാനത്തിന് അനുവദിച്ചത്. നറുക്കെടുപ്പിലൂടെ തയാറാക്കിയ കാത്തിരിപ്പുപട്ടികയിലെ ക്രമനമ്പര്‍ 2025 മുതല്‍ 2275 വരെയുള്ള അപേക്ഷകര്‍ക്കാണ് ഇതോടെ അവസരമൊരുങ്ങിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അവരുടെ പുറപ്പെടല്‍ കേന്ദ്രമടിസ്ഥാനത്തിലുള്ള തുക മേയ് 14നകം അടക്കണം. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം പുറപ്പെടല്‍ കേന്ദ്രമായുള്ളവര്‍ 3,73,000 രൂപയും കൊച്ചിയില്‍നിന്ന് പുറപ്പെടുന്നവര്‍ 3,37,100 രൂപയും കണ്ണൂരില്‍നിന്ന് പോകുന്നവര്‍ 3,38,000 രൂപയുമാണ് അടക്കേണ്ടത്. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ അടവാക്കി രേഖകള്‍ ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
അപേക്ഷഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 15,180 രൂപകൂടി അധികം അടക്കണം. പണമടച്ച പേ-ഇന്‍ സ്ലിപ്, അസ്സൽ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (വെള്ള ബാക്ക്ഗ്രൗണ്ടിലുള്ള ഫോട്ടോ പാസ്പോര്‍ട്ടിന്റെ പുറംചട്ടയില്‍ സെല്ലോടേപ് ഉപയോഗിച്ച് പതിക്കേണ്ടതാണ്), നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകനും നോമിനിയും ഒപ്പിട്ട ഹജ്ജ് അപേക്ഷഫോറം, അനുബന്ധ രേഖകള്‍ എന്നിവ മേയ് 14നുള്ളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കണം.
നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് കാത്തിരിപ്പുപട്ടികയിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതാണെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ ഹജ്ജ് കമ്മിറ്റിയുടെ ജില്ല ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടണം. ഫോണ്‍: 0483-2710717.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.