കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾക്ക് നീർനായ്ക്കളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. സമീപത്തെ ഗ്രൗണ്ടിൽ കളിച്ചുകഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെയാണ് നീർനായ്ക്കൾ കടിച്ചത്.
ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂർ പുതിയോട്ട് കടവിൽ കുളിക്കാനിറങ്ങിയ ഇരുപതോളം കുട്ടികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ (14), ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി (14), ചുങ്കത്ത് ശമീറിന്റെ മകന്‍ മുഹമ്മദ് ഷാദിന്‍ (14) എന്നിവര്‍ക്കാണ് കടിയേറ്റത്. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് നീർനായകൾ കൂട്ടമായി വന്ന് കടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു.
മുൻപും നിരവധി തവണ പുഴയിൽ നീര്‍നായകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ നീർനായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. തുടർച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണ് പുഴയിലെ നീർ നായ്ക്കളുടെ ആക്രമണ സ്വഭാവത്തിന് കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞിരുന്നത്. സാധാരണ നീർ നായ്ക്കൾ ആക്രമിക്കില്ല. ചൂട് കൂടുന്നതും മത്സ്യസമ്പത്ത് കുറയുന്നതുമാണ് ഇവയെ അക്രമാസക്തമാക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.