മലപ്പുറം: ലോറിയിൽ 230 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിലെ പ്രതികൾക്ക് 30 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതി പാലക്കാട് ആലത്തൂര്‍ കാവശേരി പാലത്തൊടി മനോഹരന് (35), മൂന്നാം പ്രതി തൃശൂര്‍ മാതൂര്‍ ഓപ്പത്തുങ്ങല്‍ വട്ടപ്പറമ്ബന്‍ വീട്ടില്‍ ബിനീദ് (34) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പ്രതികൾ രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
തിരൂര്‍ ചമ്രവട്ടം പാലത്തിലൂടെ ഇവർ ലോറിയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 2021 സെപ്റ്റംബര്‍ മൂന്നിന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ലോറി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ജെ. ജിജോയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.